അനധികൃത സ്വത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; 90 ലക്ഷം രൂപയും ഒരു കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു
ഗുവാഹത്തി : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ ബാര്‍പേട്ടയിലെ വാടക വീട്ടിലും റെയ്ഡ് നടന്നിരുന്നു.
2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നുപുര്‍ ബോറ, കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു. വിവാദമായ ഭൂമി പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതമായപ്പോള്‍ പണത്തിന് പകരമായി സംശയാസ്പദമായ വ്യക്തികള്‍ക്ക് ഹിന്ദു ഭൂമി കൈമാറിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അസമില്‍ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലെ റവന്യൂ സര്‍ക്കിളുകളില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ സഹായി ലാത് മണ്ഡല്‍ സുരജിത് ദേകയുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. സര്‍ക്കിള്‍ ഓഫീസറായിരുന്ന സമയത്ത് നുപുറുമായി ചേര്‍ന്ന് ബാര്‍പേട്ടയില്‍ പല ഇടങ്ങളിലായി ഇയാള്‍ ഭൂമി സ്വന്തമാക്കിയിരുന്നയായും പരാതിയുണ്ട്.