ആധുനിക പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിന് വേണ്ടി പെട്രോള്‍, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് ഉയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകള്‍ക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്.
ഒരുവർഷത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങള്‍ക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് അധിക ചെലവിന് ഇടയാക്കുമെന്നുള്ള പുകപരിശോധാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനത്തെ തുടർന്നാണ് ഒരുവർഷം മുമ്ബ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാല്‍ ലാംഡാ ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ പുകപരിശോധാ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.
പരിശോധനാ നിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് നിരക്ക് കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് കത്ത് നല്‍കിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോള്‍, സിഎൻജി, എല്‍പിജി നാലുചക്രവാഹനങ്ങള്‍ക്കും എല്ലാത്തരം പെട്രോള്‍ സിഎൻജി, എല്‍പിജി വാഹനങ്ങള്‍ക്കും ലാംഡ പരിശോധന നിർബന്ധമാണ്.
പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ നിരക്ക് ഉയർത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ബിഎസ് 3 വരെയുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് നല്‍കുന്നത്. ബിഎസ് 4 മുതല്‍ ഒരുവർഷത്തേയ്ക്കാണ് കാലാവധി.
ഇവ വർഷത്തില്‍ ഒരിക്കല്‍ മാത്രം പരിശോധനയ്ക്ക് എത്തുന്നുള്ളൂ എന്ന നിവേദനം പരിഗണിച്ച് അധിക നിരക്ക് ഈടാക്കാൻ സർക്കാർ അനുമതി നല്‍കിയതും പരാതിക്ക് ഇടയാക്കിയിരുന്നു. ബിഎസ് 3 മാനദണ്ഡമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ബിഎസ് 4,6 ഡീസല്‍ വാഹനങ്ങള്‍ക്കും ഒരേ രീതിയില്‍ ആണ് പുക പരിശോധന നടത്തുന്നതെങ്കിലും ബിഎസ് 4,6 വാഹനങ്ങള്‍ക്ക് കൂടിയ തുകയാണ് ഈടാക്കുന്നത്. ഇതിലും പക്ഷപാതമുണ്ടെന്ന് പരാതിയുണ്ട്.