Latest News From Kannur

ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജ്, മാഹി

0

മാഹിയിലെ ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജിൽ STC (Short Time Contract) തസ്തികയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ലക്ചറർമാർ, ലാബ് അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് ഉൾപ്പെടെ 21 പേർ, പുതുക്കിയ ഓർഡർ ഇല്ലാത്തതിനാൽ 01-08-2025 മുതൽ സർക്കാർ ഭാഗത്ത് നിന്ന് പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ താത്കാലികമായി ജോലിയിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ ശ്രീ. സന്താനസാമി അറിയിച്ചു..

ഈ അധ്യാപകരും സ്റ്റാഫുകളും കഴിഞ്ഞ രണ്ട് മാസമായി ഓർഡറില്ലാതെയും ശമ്പളമില്ലാതെയും ജോലി ചെയ്യുകയായിരുന്നു എന്നത് ഏറെ ദുഃഖകരമാണ്. പ്രത്യേകിച്ച് ഈ അധ്യായനവർഷത്തിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ പൂര്‍ത്തിയാക്കിയ ശേഷം ആണ് ഇത്തരമൊരു നിർണയം നടന്നത്.

2018 മുതൽ ഇതുവരെ ഈ കോളേജിലെ STC ജീവനക്കാർക്ക് ഇന്‍ക്രിമെന്‍റ് ലഭിച്ചിട്ടില്ല, അതേസമയം പോണ്ടിച്ചേരിക്ക് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലെ STC ജീവനക്കാർക്ക് 2022 മുതൽ തന്നെ ഇൻക്രിമെൻറ് ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് ഏറെ അസമത്വപൂർണമാണ്.

തുടർന്ന്, ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ STC ജീവനക്കാർക്ക് ഓരോ വർഷവും വെറും 10 മാസം മാത്രമാണ് ശമ്പളമായി ലഭിക്കുന്നത് എന്നതും വലിയ ആശങ്കയ്ക്ക് കാരണമാണ്.

അത്യധികം സമർപ്പണത്തോടെയും സ്ഥിരതയോടെയും വർഷങ്ങളായി ജോലി ചെയ്യുന്ന ഈ അധ്യാപകരുടെയും സ്റ്റാഫുകളുടെയും അവസ്ഥക്ക് അടിയന്തര പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

മാറി വരുന്ന പോണ്ടിച്ചേരിയിലെ ഭരണാധികാരികളോട് പല തവണയായി ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. മിക്ക ജീവനക്കാർക്കും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലിക്ക് പോവാനും സാധ്യമല്ല. ശമ്പള വിതരണം കൃത്യമായി നടക്കാത്തതിനാൽ

ജോലിക്ക് പോവാനുള്ള വണ്ടിക്കൂലി പോലും കടം വാങ്ങിച്ച് ജീവിതം പുലർത്തേണ്ട അവസ്ഥയാണ് മിക്കവർക്കും.


 

Leave A Reply

Your email address will not be published.