എല്ലാത്തവണയും വെരിഫിക്കേഷനായി പിന്‍ നല്‍കാതെ ഫെയ്‌സ് ഐഡി നല്‍കി യുപിഐ ഇടപാടുകള്‍ നടത്താനാവുമോ? അധികം വൈകാതെ അതിന് സാധിക്കുമെന്നാണ് നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിന്‍ നല്‍കുന്നതിന് പകരം ഫെയ്‌സ് ഐഡിയോ, മറ്റ് ബയോമെട്രിക്‌സോ വെരിഫിക്കേഷനായി നല്‍കി ഇടപാടുകള്‍ കുറേക്കൂടി സുരക്ഷിതവും എളുപ്പവുമാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
വെരിഫിക്കേഷനായി പിന്‍ നല്‍കണോ, ബയോമെട്രിക്‌സ് ഉപയോഗിക്കണോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് പുതിയ വെരിഫിക്കേഷന്‍ സംവിധാനം. ഇത് നടപ്പാക്കിയാല്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ മുതലായവയിലൂടെ വെരിഫിക്കേഷന്‍ സാധ്യമാകും. ഡിജിറ്റല്‍ സാക്ഷരത കുറവായ വ്യക്തികള്‍ക്കും ഇത് നിലവില്‍ വരികയാണെങ്കില്‍ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താനാകും.
കൊവിഡിന് ശേഷം രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ ഉയര്‍ന്നിരുന്നു. 80 ശതമാനം ഇടപാടുകളും യുപിഐ വഴിയാണ് ഇന്ന് നടക്കുന്നത്. യുപിഐ വഴിയുള്ള സാമ്പത്തികതട്ടിപ്പുകളും അതിനനുസരിച്ച് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്
ബയോമെട്രിക് വെരിഫിക്കേഷന്‍ ഇന്ത്യന്‍ ഡിജിറ്റല്‍ വിപ്ലവത്തിലെ പുതിയ ചുവടുവയ്പ്പായിരിക്കുമെന്ന് ക്യാഷ്ഫ്രീ പേമെന്റ്‌സ് സ്ഥാപകന്‍ ആകാശ് സിന്‍ഹ അഭിപ്രായപ്പെട്ടു.2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ബയോമെട്രിക്‌സ് വെരിഫിക്കേഷന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പരീക്ഷണഘട്ടം പിന്നിട്ടാല്‍ ആര്‍ബിഐ അനുമതിയോടെ പദ്ധതി നടപ്പാക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിന് എന്‍പിസിഐ തയ്യാറായിട്ടില്ല.