Latest News From Kannur

‘പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കി’; അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് ശശി തരൂര്‍

0

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിന് കൈയടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂരിന്റെ അപ്രതീക്ഷിത പ്രതികരണം ഓപ്പറേഷന്‍ സിന്ദൂറില്‍ ബിജെപി നിലപാട് ശരിവയ്ക്കുന്നതായിരുന്നു. പാകിസ്ഥാന്‍ ഇന്ത്യ ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞപ്പോഴാണ് തരൂര്‍ മേശയില്‍ കൈയടിച്ച് പിന്തുണ അറിയിച്ചത്. ഒരു കോണ്‍ഗ്രസ് എംപിയില്‍ നിന്നുള്ള അപൂര്‍വ അംഗീകരം കൂടിയായി ഇത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നയതന്ത്രനീക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് തരൂരിനെ മാറ്റി നിര്‍ത്തിയത് കണക്കിലെടുക്കുമ്പോള്‍ ഇത് പ്രത്യേകിച്ച് കാര്യമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കിടയില്‍ ഇരുന്നായിരുന്നു തരൂരിന്റെ കൈയടിയെന്നതും ശ്രദ്ധേയമായി. പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിലുള്‍പ്പെട്ട മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായ അതേ ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചത്. എ ഗ്രേഡ് ഭീകരരായ സുലൈമാന്‍ എന്ന ആസിഫ്, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമിത് ഷാ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഈ മൂന്നു ഭീകരരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും അമിത് ഷാ വിമര്‍ശിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവര്‍ പല ഗ്രാമങ്ങളിലും അഭയം തേടുകയായിരുന്നു. ഭീകരരുടെ കൈയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. ഭീകരരെ സഹായിച്ചവര്‍ നേരത്തെ എന്‍ഐഎയുടെ പിടിയിലായിരുന്നു. ഇവര്‍ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Leave A Reply

Your email address will not be published.