“പേടിച്ച് ഒളിവില്‍ കഴിഞ്ഞത് 11 വര്‍ഷം”:ധര്‍മസ്ഥല കേസില്‍ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: ‘കുഴിച്ചു മൂടിയവരില്‍ സ്കൂള്‍ യൂണിഫോമിലുളള പെണ്‍കുട്ടികളും’
ബംഗളൂരു : ധർമസ്ഥല കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയായ ഇയാളുടെ മൊഴിപ്പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തല്‍. നിരവധി കൊലപാതകങ്ങള്‍ താൻ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിൽ പറയുന്നുണ്ട്. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വർഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലിയായിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു. ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടി വന്നു, കുഴിച്ചു മൂടിയതില്‍ സ്കൂള്‍ യൂണിഫോമില്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തല്‍.
ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് താൻ തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം സത്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി ഇയാൾ മൃതദേഹങ്ങൾ കുഴിച്ച് മൂടിയ സ്ഥലത്ത് നിന്നും അസ്ഥികളും തലയോട്ടികളും പോലീസിന്റെ സഹായത്തോടെ കണ്ടെടുത്ത് കോടതിയിൽ തെളിവുകളായി സമർപ്പിച്ചിരുന്നു.
തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശുചീകരണ തൊഴിലാളി ആവശ്യപ്പെട്ട പ്രകാരമുള്ള സുരക്ഷ ഉറപ്പു വരുത്താൻ കോടതി ഉത്തരവ് നൽകിയിട്ടുമുണ്ട്.
അഭിഭാഷകന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൂടെ ശരീരവും മുഖവും കറുത്ത വസ്ത്രവും മുഖം മൂടിയും ഉപയോഗിച്ച് മറച്ചാണ് ഇയാൾ കോടതിയിൽ എത്തിയത്.