പ്രവാസി മലയാളിക്ക് ജപ്പാൻ ചക്രവർത്തിയുടെ ആദരം; ‘ദി ഓർഡർ ഓഫ് ദി സെക്രഡ് ട്രഷർ’ ഏറ്റുവാങ്ങി വടകര സ്വദേശി
മസ്കറ്റ് : ജപ്പാൻ ചക്രവർത്തിയുടെ ആദരം ഏറ്റുവാങ്ങി പ്രവാസി മലയാളി. ‘ദി ഓർഡർ ഓഫ് ദി സെക്രഡ് ട്രഷർ’ – , ‘സിൽവർ റേയ്‌സ്’ എന്ന ജാപ്പനീസ് ആദരവാണ് വടകര സ്വദേശി പ്രകാശൻ കുനിയിൽ കുണ്ടാച്ചേരിക്ക് ലഭിച്ചത്. മസ്കറ്റിൽ നടന്ന ചടങ്ങിൽ ജപ്പാൻ സ്ഥാനപതി കിയോഷി സെരിസാവയിൽ നിന്നും പ്രകാശൻ കുനിയിൽ ആദരം ഏറ്റുവാങ്ങി.
വളരെ സവിശേഷതയുള്ള ‘ദി ഓർഡർ ഓഫ് ദി സെക്രഡ് ട്രഷർ’ – ‘സിൽവർ റേയ്‌സ്’ എന്ന ജാപ്പനീസ് ആദരമാണ് വടകര സ്വദേശി പ്രകാശൻ കുനിയിൽ കുണ്ടാച്ചേരിക്ക് ലഭിച്ചത്. 1993 മുതൽ നീണ്ട 31 വർഷം പ്രകാശൻ കുനിയിൽ കുണ്ടാച്ചേരി ജപ്പാൻ എംബസിക്ക് നൽകിയിട്ടുള്ള സേവനങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് ആദരം. ജപ്പാൻ ചക്രവർത്തിയിൽ നിന്നുമുള്ള ബഹുമതിയാണിത്. ജപ്പാന്‍റെ ഔദ്യോഗിക മുദ്ര, പ്രധാനമന്ത്രിയുടെയും കാബിനറ്റ് ഓഫീസിലെ ഡെക്കറേഷൻസ് ആൻഡ് മെഡൽസ് ബ്യൂറോ ഡയറക്ടർ ജനറലിന്റെയും ഒപ്പുകളും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. 150 വർഷം മുമ്പ് 1875 വരെ നീളുന്ന ചരിത്രമാണ് ജപ്പാന്‍റെ ഈ ബഹുമതികൾക്കുള്ളത്. ഒമാനിലെ ജപ്പാൻ സ്ഥാനപതി കിയോഷി സെരിസാവ, പ്രകാശ് കുനിയിൽ കുണ്ടാച്ചേരിക്ക് പ്രശംസാ പത്രവും, ജപ്പാന്‍റെ ഔദ്യോഗിക മുദ്രയും കൈമാറുകയുണ്ടായി.
ജപ്പാനും ഒപ്പം പൊതുജനങ്ങൾക്കും മികച്ച സേവനം ചെയ്ത സർക്കാർ സ്വകാര്യ വ്യക്തികൾക്ക് ഇതുപോലുള്ള ബഹുമതികൾ നൽകാറുണ്ട്. അത്തരത്തിൽ ജപ്പാന് ചെയ്ത സേവനങ്ങൾക്കാണ് പ്രകാശൻ കുനിയിലിനെ ആദരിച്ചത്. ഒമാനിലെ ജപ്പാൻ എംബസിയിൽ ഡ്രൈവറായാണ് പ്രകാശൻ കുനിയിൽ കുണ്ടാച്ചേരി സേവനമാരംഭിച്ചത്. എംബസിയുടെ സുഗമമായ ദൈനംദിന പ്രവർത്തനത്തിന് വലിയ സംഭാവനകളാണ് പ്രകാശൻ നടത്തിയതെന്ന് അംബാസഡർ സെരിസാവ കിയോഷി ചടങ്ങിൽ പറഞ്ഞു .
2014 ലും 2020ലും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഒമാൻ സന്ദർശിച്ച വേളയിൽ ഡ്രൈവറെന്ന നിലയിലും സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും സ്വീകരണങ്ങൾ സജ്ജീകരിക്കാനുള്ള സഹായി എന്ന നിലയിലും ചെയ്ത സേവനങ്ങളെയും സ്ഥാനപതി എടുത്തു പറഞ്ഞു അഭിനന്ദിക്കുകയുണ്ടായി. ഒപ്പം ജപ്പാനിൽ നിന്നും സർക്കാരിന്റെ മറ്റ് പ്രമുഖ വ്യക്തികൾ ഒമാനിൽ എത്തുമ്പോഴും മികച്ച സേവനമാണ് പ്രകാശൻ എംബസിക്കുവേണ്ടി നൽകിയിട്ടുള്ളത്.
വിവര സാങ്കേതിക വിദ്യയിലും പ്രകാശന് പ്രാവീണ്യം ഉണ്ടായിരുന്നതിനാൽ അത്യാവശ്യ ഘട്ടത്തിൽ പകരക്കാരനായി കാര്യാലയത്തിൽ പ്രവർത്തിച്ചിരുന്നതും അംബാസഡർ സ്മരിക്കുകയുണ്ടായി. ജിസിസി രാജ്യങ്ങളിൽ ആദ്യമായിട്ടാണ് ഒരു പ്രവാസി മലയാളിയെ ജപ്പാൻ എംബസി ആദരിക്കുന്നത്. പ്രകാശൻ കുനിയിൽ കുണ്ടാച്ചേരിക്ക് പുറമെ 2025-ൽ ജാപ്പനീസ് ചക്രവർത്തിയുടെ ബഹുമതി മറ്റ് അഞ്ച് ഇന്ത്യക്കാർക്കുകൂടി ലഭിച്ചു.
ദേശീയ പ്രതിരോധത്തിൽ ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ മുൻ നാവികസേനാ മേധാവി, തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ ഹരികുമാർ (63), കൊഹിമ യുദ്ധത്തിലെ ജാപ്പനീസ് സൈനികരുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിലും അവരുടെ സ്മരണകളെ ആദരിക്കുന്നതിലും, ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൊഹിമ ജപ്പാൻ ബോൺ കളക്ഷൻ ടീം നേതാവ് നാഗാലാൻഡ് സ്വദേശി അജാനുവോ ബെൽഹോക്ക് (63), ജപ്പാനും ഇന്ത്യയും തമ്മിലുള്ള അന്തർദേശീയ കൈമാറ്റങ്ങളും പരസ്പര ധാരണയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകിയ മഹാരാഷ്ട്ര സ്വദേശി മുൻ ചീഫ് സെനൽകി (67) എന്നീ മൂന്നു പേരെ ഓർഡർ ഓഫ് ദി റൈസിംഗ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ നൽകി ആദരിക്കും.