മാഹി : മൈ ഭാരത് പോർട്ടലിൽ രജിസ്‌ട്രേഷൻ തുടങ്ങി.
ആപത് ഘട്ടങ്ങളിൽ സന്നദ്ധ സേവനം ചെയ്യാനും അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സഹായിച്ചു കൊണ്ട് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സുപ്രധാന കണ്ണികളാകാൻ കഴിയുന്ന യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് മേരാ യുവ ഭാരത് രാജ്യവ്യാപകമായി സിവിൽ ഡിഫെൻസ് വോളന്റീർമാരെ തെരെഞ്ഞടുത്തു പരിശീലിപ്പിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തിരഘട്ടങ്ങൾ, അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവ നേരിടാൻ നന്നായി പരിശീലനം ലഭിച്ച വോളണ്ടിയർ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
നിലവിലെ സാഹചര്യവും ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകളും കണക്കിലെടുക്കുമ്പോൾ, ശക്തമായ സമൂഹാധിഷ്ഠിത പ്രതികരണ സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്.
വിവിധ സേവനങ്ങളിലൂടെ സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കാൻ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് കഴിയും.
രക്ഷാപ്രവർത്തനം,ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസി കളുമായി ചേർന്ന് വളണ്ടിയർമാർക്ക് വിദഗ്ദ്ധ പരീശീലനം നൽകും.
ഈ സംരംഭം യുവാക്കളിൽ ശക്തമായ പൗര ഉത്തരവാദിത്തവും അച്ചടക്കവും വളർത്തുക മാത്രമല്ല, നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രവർത്തികാനുള്ള കഴിവുകളും പരിശീലനം വഴി അവരെ സജ്ജരാക്കുന്നു.