ന്യൂമാഹി : ന്യൂ മാഹി മണ്ഡലം കോൺഗ്രസ് സെക്രട്ടറി റോജാ പ്രഭാകരൻ്റെ അപകട മരണം ഉൾക്കൊള്ളാൻ ആവാതെ നാട്ടുകാർ. പരിചയപ്പെടുന്നവരെല്ലാം എപ്പോഴും ഓർക്കുന്ന നിറഞ്ഞ സൗഹൃദത്തിൻ്റെ സൗമ്യ മുഖമായിരുന്നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂരാട് വാഹനാപകടത്തിൽ മരിച്ച ന്യൂമാഹി പെരുമുണ്ടേരിയിലെ റോജ പ്രഭാകരൻ. മാഹിയിലെ ആദ്യകാല തുന്നൽക്കാരനും കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഭർത്താവ് പരേതനായ കെ.എം.പ്രഭാകരനും ഇതേ സൗഹൃദത്തിൻ്റെ മറ്റൊരു മുഖമായിരുന്നു. ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു ഈ അപകടം. ഭർത്താവിൻ്റെ മരുമകളുടെ വിവാഹം കഴിഞ്ഞ ശേഷം ഉച്ചകഴിഞ്ഞ് കോഴിക്കോട്ടെ വരൻ്റെ വീട്ടിലേക്ക് വിരുന്ന് പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചത്. അപകടത്തിൽ റോജ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ട് പേരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മാഹി ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ ലാബ് അസിസ്റ്റൻ്റ് ആയതിനാൽ റോജയെ മാഹിയിൽ ഉള്ളവർക്കും അടുത്തറിയാവുന്നതാണ്. രാവിലെ കോളേജിൽ ആദ്യം എത്തുന്നത് മിക്കവാറും റോജയാണ്. അതിനാൽ തന്നെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും കോളേജിന് സമീപത്തുള്ളവരോടും റോജക്ക് നല്ല ബന്ധമാണ്. സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട സുഹൃത്താണ്. സഹായിയും പരോപകാരിയുമാണ്. പരോപകാരിയായ ഭർത്താവ് പ്രഭാകരന്റെ അതേ സ്വഭാവമാണ് റോജക്കും. വെള്ളിയാഴ്ച വൈകുന്നേരം പോളിടെക്നിക്കിൽ നിന്നും പിരിയുമ്പോൾ ഭർത്താവിൻ്റെ മരുമകളുടെ വിവാഹത്തിൻ്റെ കാര്യം സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കല്യാണത്തിന് ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമൊക്കെ സഹപ്രവർത്തകരോട് സംസാരിക്കുകയും ഫോട്ടോകൾ വാട്സ് ആപ് ചെയ്യാമെന്ന് പറയുകയും ചെയ്തിരുന്നു. കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ ധരിച്ചു തൃപ്തി വരുത്തിയിരുന്നു. പതിവില്ലാത്ത വിധം അന്ന് എല്ലാവരോടും പ്രത്യേകം യാത്ര പറയുകയും ചെയ്തിരുന്നു.
ഭർത്താവിൻ്റെ അകാല വിയോഗത്തോടെ രണ്ട് ആൺമക്കളെയും നല്ല നിലയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന മകൻ പ്രണവിൻ്റെ കല്യാണ നിശ്ചയം അടുത്ത ദിവസമാണ് കഴിഞ്ഞത്.
Sign in
Sign in
Recover your password.
A password will be e-mailed to you.