മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് 2025 ഡിസമ്പറിൽ നടത്താൻ മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റി തീരുമാനിച്ചു.
ഫിബ്രവരിയിൽ സമാപിച്ച നാൽപ്പത്തി ഒന്നാമത് വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും, സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർ സിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ പ്രവർത്തനങ്ങളും പോരായ്മകളും യോഗം വിലയിരുത്തുകയും വരവ് ചിലവു കണക്കുകൾ അംഗീകരിക്കുകയും ചെയ്തു.
സാമ്പത്തികമായി നേരിയ മെച്ചം ഉണ്ടാക്കിയ പ്രസ്തുത ടൂർണ്ണമെൻ്റിന്നു വലിയ പ്രതിസന്ദികൾ തീർത്തത് വ്യാജ ഗാലറി സീസ്സൺ ടിക്കറ്റുകളുടെ വ്യാപകമായ ഉപയോഗം കാരണമാണെന്നും അവയ്ക്ക് ചുക്കാൻ പിടിച്ചവരെ പെട്ടെന്നു തന്നെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞ അധികൃതരുടെ നടപടിയിലും പ്രവർത്തക സമിതി വിശ്വാസവും സന്തുഷ്ടിയും രേഖപ്പെടുത്തി.
നാൽപ്പത്തൊന്നാമത് മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് വിജയിപ്പിക്കാൻ സഹായിച്ച വ്യത്യസ്ഥ സർക്കാർ സംവിധാനങ്ങൾ, പരസ്യം തന്നു സഹായിച്ച വ്യാപാര സ്ഥാപനങ്ങൾ, മീഡിയാ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസ്സുകളേയും ക്ലബ്ബ് പ്രവർത്തക സമിതി യോഗം മുക്തകണ്ഡം അനുമോദിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ കൃതാർത്ഥത രേഖപ്പെടുത്തുകയും ചെയ്തു.
പ്രവർത്തക സമിതി യോഗത്തിൽ ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, ടൂർണ്ണമെൻ്റ് കോർഡിനേറ്റർ കെ.സി. നികിലേഷ്, ട്രഷറർ അടിയേരി മനോഹരൻ, ചന്ദ്രൻ ചേനോത്ത്, പി.എ.പ്രദീപ് കുമാർ, ശശിധരൻ പാലേരി, വിനയൻ പുത്തലം, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു.