പാനൂർ :
യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാനൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍സൈറ്റ് പദ്ധതി ജൈത്രയാത്ര തുടരുന്നു. ഏറ്റവും ഒടുവില്‍ 6 പേർ കൂടി സർക്കാർ സർവീസിൽ കയറുകയാണ്. അഗ്നിവീറിലേക്ക് കെ.ടി. നിഖഞ്ച്, അനോഖ്. ബി. മോഹൻ, കെ.ടി. അനുനന്ദ് എന്നിവരും, കേരള പൊലീസിലേക്ക് ക്വാളിഫൈ ചെയ്ത് ഘാന സുരേഷ്., ഹർഷ, അരുണിമ എന്നിവരും എത്തുകയാണ്.
ഇതോടെ 92 പേരാണ് ഇവിടെ നിന്നും സർക്കാർ സർവീസിന്റെ ഭാഗമാകുന്നത്. ഇവർക്കുള്ള അനുമോദനയോഗം പരിശീലനം നൽകുന്ന പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. സമ്മേളനത്തിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലേൻ ഉപഹാര സമർപ്പണം നടത്തി. ഇ. സുരേഷ് ബാബു അധ്യക്ഷനായി. പോലീസ് ഓഫീസർമാരും റിട്ട. കായികാധ്യാപകരുമായ കെ. എ. ശിവദാസൻ, കെ. സുനിൽകുമാർ, പി. പി. ജയപ്രകാശ്, കെ. രാജീവൻ, പ്രവീൺ കുമാർ, കെ. മുകുന്ദൻ, എന്നിവർ സംസാരിച്ചു. വി. കെ. മോഹൻ ദാസ് സ്വാഗതവും കെ. റിജേഷ് നന്ദിയും പറഞ്ഞു.
പാനൂര്‍ മേഖലയില്‍ യുവതീ യുവാക്കള്‍ക്ക് കൃത്യമായി ഒരു ദിശാബോധം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് 2018 ഇൽ അന്നത്തെ സി.ഐ. യായിരുന്ന വി. വി. ബെന്നി ഇന്‍സൈറ്റ് ആരംഭിച്ചത്. നിലവിൽ വടകര ക്രൈംബ്രാഞ്ച് ഡി വൈ എസ്.പിയാണ് ബെന്നി. ഒരു വീട്ടില്‍ ഒരു സർക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്‍സൈറ്റിന് വിരമിച്ച കായിക അധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സാംസ്‌കാരിക സംഘടനകളും പിന്തുണ നല്‍കിയതോടെ ആറ് വര്‍ഷം കൊണ്ട് പാനൂരില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരെ സംഭാവന ചെയ്ത സ്ഥാപനമായി ഇന്‍സൈറ്റ് മാറി.
പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് ഇന്‍സൈറ്റ് ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്. പാനൂര്‍ ഹയർ സെക്കൻ്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇവര്‍ക്ക് അതികഠിനമായ കായിക പരിശീലനം നല്‍കുന്നത്.