Latest News From Kannur

വരുന്നൂ ഉഷ്ണ തരംഗ ദിനങ്ങള്‍; രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കനത്ത ചൂടിന് സാധ്യത: കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

0

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍മാസം വരെ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മധ്യ-കിഴ്ക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സാധാരണയായി, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ നാല് മുതല്‍ ഏഴ് വരെ ഉഷ്ണതാപ ദിവസങ്ങള്‍ അനുഭവപ്പെടാറുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അഞ്ചു മുതല്‍ ആറു വരെ ഉഷ്ണതാപ ദിനങ്ങള്‍ ഈ സീസണില്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ മിക്കയിടത്തും സാധാരണയേക്കാള്‍ കൂടുതല്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും, കര്‍ണാടക, തമിഴ്നാട് എന്നിവയുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവയിലുമാണ് സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. ദക്ഷിണ, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സാധാരണ താപനില അനുഭവപ്പെട്ടേക്കും.

Leave A Reply

Your email address will not be published.