Latest News From Kannur

എമ്പുരാൻ വിവാദം: സെൻസർ ബോർഡിലെ RSS നോമിനികൾക്കെതിരെ BJP,

0

തിരുവനന്തപുരം : എമ്പുരാൻ സിനിമയുടെ സ്ക്രീനിങ് കമ്മിറ്റിയിലുള്ള ആർ.എസ്.എസ്. നോമിനികൾക്ക് വിഴ്ചയുണ്ടായതായി ബി.ജെ.പി. കോർ കമ്മിറ്റിയിൽ വിമർശനം. ബി.ജെ.പിയുടെ സാംസ്കാരിക സംഘടനയായ തപസ്യയുടെ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് അടക്കം നാലുപേരാണ് സ്ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയം ചർച്ചക്കെത്തിയപ്പോൾ എമ്പുരാനെതിരായ പ്രചാരണം ബി.ജെ.പി. നടത്തേണ്ടതില്ല എന്നാണ് കോർ കമ്മിറ്റിയിൽ നിലപാട്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ വ്യക്തമാക്കി.

സെൻസർ ബോർഡിന് മുൻപാകെ വന്നപ്പോൾ എതിർപ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ കോർ കമ്മിറ്റിയിൽ ഉയർന്നു.

സെൻസർ ബോർഡിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങളുടെ കാലാവധി നവംബറിൽ അവസാനിച്ചതായും ബി.ജെ.പിയുടെ നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്നും കെ. സുരേന്ദ്രൻ വിശദീകരിച്ചു. ഈ വിഴ്‌ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.

പൃഥ്വിരാജ്-മോഹൻലാൽ ടീമിനും എമ്പുരാൻ സിനിമയ്ക്കും ആശംസ നേർന്നതിനൊപ്പം വൈകാതെ താൻ സിനിമ കാണുമെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സിനിമയ്ക്കെക്കെതിരെ സൈബർ ആക്രമണം ഉയർന്നത്. മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്നും അതിനാലാണ് വിജയാശംസ നേർന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖരൻ വെള്ളിയാഴ്ച നൽകിയിരിക്കുന്ന വിശദീകരണം. സിനിമയുടെ ഉള്ളടക്കത്തെയല്ല താൻ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.എസ്.എസിൻ്റെ കേരളത്തിലെ മുതിർന്ന നേതാവായ ജെ. നന്ദകുമാർ അടക്കം ഫെയ്സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും സിനിമയുടെ ബഹിഷ്‌കരണം പോലുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടിരുന്നു. സിനിമയിൽ സംഘപരിവാർ സംഘടനകൾക്കെതിരേയുള്ള അഭിപ്രായങ്ങളുമാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു എം.ടി. ര മേശിന്റെ പ്രതികരണം. ഇതിനിടെ ഇടത്- സംഘപരിവാർ അനുകൂലികൾ തമ്മിൽ സൈബർപ്പോരും ഉയർന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്പ‌രം ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.