Latest News From Kannur

പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; ജഡ്ജിയുടെ വിവാദത്തില്‍ പുതിയ വഴിത്തിരിവ്

0

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയില്ലെന്ന് മേധാവി അതുല്‍ ഗാര്‍ഗ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പണം കണ്ടെത്തിയില്ലെന്നും മാര്‍ച്ച് പതിനാലിനാണ് തീപിടിത്തമുണ്ടായതെന്നും പതിനഞ്ച് മിനിറ്റനകം തീയണച്ചതായും അദ്ദേഹം പറഞ്ഞു. വീട്ടുപകരണങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റം തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൊളീജിയം തീരുമാനമെടുക്കുമെന്നും അന്വേഷണം ഇന്നലെ തന്നെ ആരംഭിച്ചാതായും വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്.

ഹോളി ദിനമായ മാര്‍ച്ച് 14 ന് തിപിടിത്തം ഉണ്ടായ ജസ്റ്റിസ് വര്‍മയുടെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് 15 കോടി രൂപ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡല്‍ഹി അഗ്‌നിശമന സേനാ മേധാവി അതുല്‍ ഗാര്‍ഗ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ യശ്വന്ത് വര്‍മ പ്രതികരിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്.

Leave A Reply

Your email address will not be published.