Latest News From Kannur

കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തും -മന്ത്രി എ.കെ. ശശീന്ദ്രൻ

0

പാനൂർ : പാനൂർ നഗരസഭ, പാട്യം- മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൊകേരി പഞ്ചായത്ത് ഹാളിൽ കെ.പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രത്യേക ഡ്രൈവിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. പാനൂർ നഗരസഭ അധ്യക്ഷൻ, കൂത്തുപറമ്പ്- പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ,പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, എന്നിവർ ഉൾപ്പെടുന്നതായിരിക്കും ടാസ്ക് ഫോഴ്സ്. ഇവരുടെ നേതൃത്വത്തിൽ കാട്ടുപന്നിക്കായി വ്യാപകമായി തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ വെടിവെക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. കാട്ടുപന്നിയെ വെടിവെക്കുന്നത്തിനുള്ള ഉത്തരവ് പുതുക്കുന്നതിനുള്ള അവകാശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നും ഡ്രൈവിൽ ജനകീയ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫീസർ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാരത്തുക സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞ ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കും. വന്യജീവി ആക്രമണം തടയുന്നതിന് കഴിയുന്നത്ര മുൻകരുതലകൾ എല്ലാ സ്ഥലങ്ങളിലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടാസ്ക് ഫോഴ്സിന്‍റെ രൂപീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി ഉടൻ യോഗം ചേരുമെന്ന് കെ പി മോഹനൻ എംഎൽഎ അറിയിച്ചു. കാട്ടുപന്നികളെ പ്രതിരോധിക്കാൻ തോക്കുള്ള ജവാൻമാരുടെ സേവനം ഉപയോഗപെടുത്തണമെന്ന ആവശ്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വനഭൂമികളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഡി എഫ് ഒ അറിയിച്ചു. വന്യമൃഗ ആക്രമണത്തിൽ ഉണ്ടായ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് സൗകര്യമൊരുക്കുക, കാട്ടുപന്നി, തെരുവുനായ, കുരങ്ങ്, ഇഴ ജന്തുക്കൾ ഉൾപ്പെടെയുള്ളവയെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ അടിക്കാടുകൾ വെട്ടുന്നതിന് നടപടി സ്വീകരിക്കുക, അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാൻ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടിയെ പ്രതിനിധികളും യോഗത്തിൽ ഉന്നയിച്ചു.

പാനൂർ നഗരസഭ അധ്യക്ഷൻ കെ.പി ഹാഷിം, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി.ടി റംല, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ പി വത്സൻ, എൻ.വി ഷിനിജ, സി.കെ രമ്യ, കെ.കെ മണിലാൽ,കെ ലത, കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീധരന്റെ വീട് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു.

മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ വീട് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ സന്ദർശിച്ചു.
വീട്ടുകാരുമായി സംസാരിച്ച മന്ത്രി ശ്രീധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കെ.പി മോഹനൻ എംഎൽഎ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.