Latest News From Kannur

കേരളത്തിന്റെ ധനസ്ഥിതി പരിഹാരത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം: കെ. എം. ചന്ദ്രശേഖർ

0

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധി പരിഹാരത്തിന് റവന്യൂ ചെലവുകൾ നിയന്ത്രിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ധീരമായ നടപടികൾ സ്വീകരിക്കാനും തയ്യാറുള്ള ഭരണനേതൃത്വം കേരളത്തിലുണ്ടാകണമെന്ന് മുൻ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ. 1991 ൽ നരസിംഹറാവുവും മൻമോഹൻസിങും ചേർന്ന് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്നത്തെ ഇന്ത്യയെ പുരോഗതിയിലെത്തിച്ചതിന്റെ ചാലക ശക്തി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയിനബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൻസും കേരള സിവിൽസൊസൈറ്റിയും കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചു തയ്യാറാക്കിയ പഠന റിപ്പോർട്ട് മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു ചന്ദ്രശേഖർ. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കാലോചിതമായി പുന:സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിന് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് ആഴത്തിലുള്ള പഠനം വേണമെന്ന് എസ്. എം. വിജയാനന്ദ് പറഞ്ഞു. വികസനം ത്വരിതപ്പെടുത്താൻ പ്രാദേശിക ഭരണ സംവിധാനം ഇനിയും ശാക്തീകരിക്കപ്പെടണം. കേന്ദ്ര വിഹിതം വേണ്ടത്ര കിട്ടുന്നില്ല എന്നത് വസ്തുതയെങ്കിലും അതുമാത്രം പ്രചരിപ്പിച്ച് സംസ്ഥാന ധനസ്ഥിതി മെച്ചപ്പെടുത്താതിരിക്കുന്നത് യുക്തിസഹമല്ല. ഇത് പ്രശ്നം സങ്കീർണ്ണമാക്കാനെ സഹായിക്കൂ എന്ന് റിപ്പോർട്ട്‌ തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡോ. മേരി ജോർജ് അഭിപ്രായപ്പെട്ടു. തുടർപ്രവർത്തന രൂപരേഖ ഐ. എസ്. ഡി. ജി. പ്രസിഡന്റ്‌ ജോൺ സാമുവൽ അവതരിപ്പിച്ചു. ജോസ് സബാസ്റ്റിയൻ, കേരള സിവിൽ സൊസൈറ്റി കൺവീനർ അഡ്വ. ജോൺ ജോസഫ്, ഡോ. ദീപ, അനിൽകുമാർ പി. വൈ., സാൻജൊ സാബു, ഗോഡ് വിൻ എന്നിവർ സംസാരിച്ചു. തലസ്ഥാനത്തെ എട്ട് കോളേജുകളിലെ വിദ്യാർത്ഥികളാണ് തുടർ പഠനത്തിന് നേതൃത്വം നൽകുക. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.