Latest News From Kannur

പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി അധിക ധനസഹായം, പട്ടികയില്‍ കേരളമില്ല

0

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇതിലും കേരളത്തെ തഴഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി അഞ്ചു സംസ്ഥാനങ്ങള്‍ക്കായി 1554.99 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്.

2024-ല്‍ വെള്ളപ്പൊക്കം, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത പ്രതികരണ നിധി (എന്‍ഡിആര്‍എഫ്) യില്‍ നിന്നും അധിക കേന്ദ്ര സഹായം അനുവദിച്ചത്. ആന്ധ്രയ്ക്ക് 608.08 കോടിയും, നാഗാലാന്‍ഡിന് 170.99 കോടിയും, ഒഡീഷയ്ക്ക് 255.24 കോടിയും, തെലങ്കാനയ്ക്ക് 231.75 കോടിയും ത്രിപുരയ്ക്ക് 288.93 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.

ദുരന്തബാധിതരായ ജനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പാറപോലെ ഉറച്ചതാണ് മോദി സര്‍ക്കാരിന്റെ നിലപാടെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) 27 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 18,322.80 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പുറമേയാണ് അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അധിക സഹായം നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം എന്‍ഡിആര്‍എഫില്‍ നിന്ന് 18 സംസ്ഥാനങ്ങള്‍ക്ക് 4808.30 കോടി രൂപയും, സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ (എസ്ഡിഎംഎഫ്) നിന്ന് 14 സംസ്ഥാനങ്ങള്‍ക്ക് 2208.55 കോടി രൂപയും, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടില്‍ (എന്‍ഡിഎംഎഫ്) 719.72 കോടി രൂപ എട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.