മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാലൂരിന്റെ കാർഷിക, വ്യാവസായിക, വിനോദസഞ്ചാര വികസനത്തിന് നാഴികകല്ലായി മാറാൻ കഴിയുന്ന നവീകരിച്ച കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപൊയിൽ-മാലൂർ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തിൽ 2016 മുതലുള്ള സർക്കാറുകൾ പശ്ചാത്തല സൗകര്യമേഖലയിൽ നടപ്പിലാക്കിയ വികസനം കാർഷിക, വ്യാവസായിക മേഖലകളിൽ വലിയ മാറ്റമാണ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ കിഫ്ബി നാടിനെ മാറ്റിമറിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത വികസനം ഇന്ത്യയിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള, വാഹനപെരുപ്പമുള്ള കേരളത്തിന് ആശ്വാസമാണ്. ലോകത്ത് എവിടെയുമുള്ള മലയാളിയുടെ സ്വപ്‌ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിൽ പ്രവൃത്തി കഴിഞ്ഞയിടങ്ങൾ അപ്പപ്പോൾ തുറന്നു കൊടുക്കുന്നു. മുഖ്യമന്ത്രിയും വിവിധ വകുപ്പുകളും ദേശീയപാത അതോറിറ്റിയുമായി ചേർന്ന് നിരന്തരമായി ഇടപെടുന്നു. കേരളത്തിൽ ദേശീയപാത വികസനം 2025 ഡിസംബറിൽ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കെ.കെ. ശൈലജ ടീച്ചർ എം. എൽ. എ അധ്യക്ഷത വഹിച്ചു. കെ. ആർ. എഫ്. ബി ഉത്തരമേഖല ടീം ലീഡർ എസ്. ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബി ധനസഹായത്തോടെയാണ് റോഡ് നവീകരിച്ചത്. തലശ്ശേരി വളവുപാറ റോഡിലെ കരേറ്റയിൽ നിന്നാരംഭിച്ച് കാഞ്ഞിലേരി പട്ടാരി കുണ്ടേരിപ്പൊയിൽ വഴി മട്ടന്നൂർ ശിവപുരം തൊലമ്പ്ര പേരാവൂർ റോഡിലെ മാലൂർ സിറ്റിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവളം കണക്ടിവിറ്റി റോഡ് രണ്ടും മൂന്നുമായി റോഡ് ബന്ധിപ്പിക്കുന്നുണ്ട്. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 2017ൽ 25.60 കോടി രൂപയുടെ ഭരണാനുമതിയും തുടർന്ന് സാമ്പത്തിക അനുമതിയും ലഭിച്ചു. അതിനുശേഷം 2021 ഫെബ്രുവരി 13 ന് സാങ്കേതികാനുമതി കിട്ടി.
റോഡിനാകെ 9.6 കിലോമീറ്റർ നീളവും ശരാശരി 8.5 മീറ്റർ വീതിയുമുണ്ട് . പൊതുജനങ്ങളിൽ നിന്നും സൗജന്യമായി സ്ഥലം ഏറ്റെടുത്ത് പത്ത് മീറ്റർ വീതിയാക്കി. ഏഴ് മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും അത്യാവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. നിർമ്മാണവേളയിൽ ചില അത്യാവശ്യ അധിക പ്രവൃത്തികൾ ചെയ്യേണ്ടി വന്നതിനാൽ കിഫ്ബിയിൽ നിന്നും 26.08 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. കെ. രത്‌നകുമാരി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിഹാബുദ്ദീൻ പട്ടാരി, മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി, വൈസ് പ്രസിഡന്റ് സി. ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. രജനി, കെ. രമേശൻ, രേഷ്മ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, സി. ബീന, പി. ചന്ദ്രമതി, മാലൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. നാരായണൻ, കെ. ലീല, ഗോപി കാഞ്ഞിലേരി, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ എന്നിവർ സംസാരിച്ചു.