Latest News From Kannur

ജോബ് സ്‌റ്റേഷൻ: ഏകദിന പരിശീലനം നൽകി

0

വൈജ്ഞാനിക മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന വിജ്ഞാന കേരളം കാമ്പയിന്റെ ഭാഗമായുള്ള ജോബ് സ്‌റ്റേഷനുകൾ പ്രവർത്തിപ്പിക്കേണ്ട ഉദ്യോഗസ്ഥർക്ക് കേരള നോളജ് ഇക്കണോമി മിഷൻ ഏകദിന പരിശീലനം നൽകി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നോളജ് ഇക്കണോമി മിഷൻ ഉപദേശക സമിതി ചെയർമാൻ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെൻറ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കുള്ള പ്രാദേശികതല സഹായ കേന്ദ്രമാണ് ജോബ് സ്‌റ്റേഷനുകൾ എന്ന് അദ്ദേഹം പറഞ്ഞു. നോളജ് ഇക്കേണോമി മിഷൻ ജനകീയ പ്രസ്ഥാനമാക്കി മാറ്റണം. ജില്ലാതലത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കണം. കോളജ് വിദ്യാർഥികൾക്ക് ജോലി സാധ്യത മെച്ചപ്പെടുത്താൻ നൈപുണി പരിശീലനം നൽകണം. കോളജ് വിദ്യാർഥികൾക്ക് പൂർവ്വ വിദ്യാർഥികളിലൂടെ മെൻററിംഗ് നൽകാനായാൽ അത് വലിയ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കില ജില്ലാ ഫെസിലിറ്റേറ്റർ കെ. പി. രത്‌നാകരൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ എം.വി. ജയൻ, കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ജി. പി. എന്നിവർ സംസാരിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഓൺലൈനായി അഭിസംബോധന ചെയ്തു. കിലയുടെ സഹായത്തോടെ നടത്തിയ പരിശീലനത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നും നഗരസഭകളിൽനിന്നും കോർപറേഷനിൽനിന്നും ഉള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave A Reply

Your email address will not be published.