കൊച്ചി : പ്രമുഖ നിയമജ്ഞൻ പ്രൊഫ. കെ.എൻ ചന്ദ്രശേഖരൻ പിള്ള അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മുൻ നിയമ ഫാക്കല്‍റ്റി ഡീനും സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിൻ്റെ മുൻ ഡയറക്ടറുമായിരുന്നു.
ന്യൂഡല്‍ഹിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ മുൻ ഡയറക്ടറുമായിരുന്നു പ്രൊഫ. പിള്ള.
ഇന്ത്യൻ നിയമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുള്ള നിയമപണ്ഡിതനായ പിള്ള കുസാറ്റ് സെൻ്റർ ഫോർ ഐപിആർ സ്റ്റഡീസിൻ്റെ ആദ്യ ഡയറക്ടറായിരുന്നു.
1974ലെ ബാബൂ പ്യാരേലാല്‍ മെമ്മോറിയല്‍ പ്രൈസും ഡല്‍ഹി യൂണിവേഴ്സിറ്റി ലോ യൂണിയൻ പ്രൈസും നേടിയിട്ടുള്ള അദ്ദേഹം നിയമത്തില്‍ രണ്ട ബിരുദങ്ങളാണ് നേടിയത്. ആദ്യത്തേ എല്‍എല്‍ബിയും എല്‍എല്‍എമ്മും ഡല്‍ഹി സർവകലാശാലയില്‍ നിന്നും, രണ്ടാമത്തെ എല്‍എല്‍എമ്മും എസ്‌ജെഡിയും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ ലോ സ്കൂളില്‍ നീന്നും. എല്‍എല്‍എമ്മില്‍ ഒന്നാം റാങ്ക് ജേതാവുമായിരുന്നു. സുപ്രിം കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ച ശേഷം അദ്ദേഹം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കാമ്ബസ് ലോ സെൻ്ററിലും പിന്നീട് കുസാറ്റിലും അധ്യാപനജീവിതം ആരംഭിച്ചു.
ഇന്ത്യൻ ലോ കമ്മീഷനിലെ പാർട്ട് ടൈം അംഗവും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനെ പ്രതിനിധീകരിച്ച് കുസാറ്റിൻ്റെ സിൻഡിക്കേറ്റ് അംഗവും, നുവാല്‍സിൻ്റെ അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്നു. ക്രിമിനല്‍ നിയമങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ പ്രൊഫ. പിള്ള, ലഖ്നൗവിലെ സുപ്രിം കോടതി കേസുകളുടെ ജേണല്‍ വിഭാഗം, ദില്ലിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ജേണല്‍ ഉള്‍പ്പെടെ വിവിധ നിയമ ജേണലുകളുടെ എഡിറ്ററായിരുന്നു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ലോ റിവ്യൂ, അക്കാദമി ലോ റിവ്യൂ, കേരള ബാർ കൗണ്‍സില്‍ ന്യൂസ്, ബാംഗ്ലൂർ ലോ ജേർണല്‍ എന്നിവയുടെ എഡിറ്റോറിയല്‍ ബോർഡ്ഡി അംഗവുമായിരുന്നു.ആലപ്പുഴ സ്വദേശിയായ പ്രൊഫ. പിള്ള കുടുംബസമേതം കളമശ്ശേരിയിലാണ് താമസിച്ചിരുന്നത്. ഭാര്യ- വിജയമ്മ, മകള്‍- തൃപ്തി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് കളമശ്ശേരി മുനിസിപ്പല്‍ ശ്മശാനത്തില്‍.