മാഹി: മാഹി ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് , തൊട്ടടുത്ത വിശാലമായ മൂന്ന് നിലകളുള്ള മാഹി ഗവ: മിഡിൽ സ്കൂൾ കെട്ടിടത്തിൽ മതിയായ പാഠ്യ- പാഠ്യേതര സൗകര്യങ്ങൾ ഒരുക്കിയിരിക്കെ ,മാഹിക്ക് അനുവദിക്കപെട്ട ഗവ: നഴ്സിങ്ങ് കോളജ് ഉടൻ ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ തലത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ, മയ്യഴിയിലെ പാവപ്പെട്ട കുട്ടികൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള തൊഴിലധിഷ്ഠിത കോഴ്സായ ബി.എസ്.സി. നഴ്സിങ്ങ് കോഴ്സ് ലഭ്യമായത്, വരുംതലമുറക്കടക്കം വലിയ നേട്ടമാണ്. വിദ്യാർത്ഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നഴ്സിങ്ങ് കോളജ് വരുന്നത് തടയിടാൻ ശ്രമിക്കുന്നവർ ആരായാലും ,ബഹുജന സംഘടനകളുമായി കൈ കോർത്ത് ചെറുക്കുമെന്ന് ജനശബ്ദം മുന്നറിയിപ്പ് നൽകി.
വാഹനത്തിരക്കേറിയ ദേശീയ പാതയിലെ കൊടുംവളവിലും ജംഗ്ഷനിലുമായി റോഡിനോട് ചേർന്നുള്ള ഗവ: എൽ.പി.സ്കൂളിൽ , വർഷങ്ങളായി കാലത്തും വൈകീട്ടും ട്രാഫിക് പൊലീസിന്റെ സഹായത്തോടെയാണ് കുട്ടികൾക്ക് വിദ്യാലയത്തിനകത്തേക്കും പുറത്തേക്കും പോകാനായിരുന്നത്. പൊടിയും ,പുകയും .
ശബ്ദമുഖരിതവുമായ അന്തരീക്ഷത്തിൽ നിന്നും, ശാന്തവും, സുരക്ഷിതവുമായ ഏറെ ഭൗതിക സൗകര്യങ്ങളുള്ള ആധുനിക കെട്ടിടത്തിലേക്കാണ് കുട്ടികൾക്ക് പഠന സൗകര്യമൊരുക്കിയിട്ടുള്ളതെന്നും, ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും അവിടം സന്ദർശിച്ച ജനശബ്ദം പ്രതിനിധി സംഘത്തിന് നേരിട്ട്ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹി എം എൽ ഏ,റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസമേലദ്ധ്യക്ഷ എന്നിവരുമായി നടത്തിയ ചർച്ചകളിൽ കുട്ടികളുടെ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനാവശ്യമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട്ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫിഖ് , കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി, സെക്രട്ടരി സതീ ശങ്കർ ,ട്രഷറർ ടി.എ.ലതീപ് , വൈ.പ്രസിഡണ്ട് ഷാജി പിണക്കാട്ട് , പി.ആർ. ഒ സോമൻ ആനന്ദ് സംബന്ധിച്ചു.