അക്രമി വീട്ടില്‍ ഒളിച്ചിരുന്നോ?, സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ല; സെയ്ഫ് അലി ഖാന് ന്യൂറോ സര്‍ജറി, രണ്ടു മുറിവ് ഗുരുതരം
മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ വീട്ടില്‍ വച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാര്‍ കസ്റ്റഡിയില്‍. വീട്ടില്‍ അതിക്രമിച്ച് കയറാനുള്ള ശ്രമത്തിനിടെ ഉണ്ടായ അടിപിടിയിലാണ് നടന് കുത്തേറ്റത്. മോഷ്ടാവ് ആറുതവണയാണ് സെയ്ഫ് അലി ഖാനെ കുത്തിയത്. മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടില്‍ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സെയ്ഫ് രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ന്യൂറോ സര്‍ജറിക്ക് വിധേയനായതായി ലീലാവതി ആശുപത്രിയുടെ സി.ഒ.ഒ ഡോ. നീരജ് ഉത്തമനി പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ഇപ്പോഴും തുടരുകയാണ്. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
മോഷണശ്രമം തടയുന്നതിനുള്ള ശ്രമത്തിനിടെ ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായി. അതിനിടെയാണ് മോഷ്ടാവ് നടനെ ആക്രമിച്ചത്. ആറുതവണയാണ് അക്രമി നടനെ കുത്തിയത്. തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.
കുത്തേറ്റ മുറിവുകളില്‍ രണ്ടെണ്ണം ആഴത്തിലുള്ളതും നട്ടെല്ലിന് സമീപവുമാണെന്ന് ലീലാവതി ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് സഹായികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏഴ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മുംബൈയിലെ വിവിധ പ്രദേശങ്ങളിലേക്ക് മൂന്ന് ടീമുകള്‍ തിരിച്ചിട്ടുണ്ട്. . മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കാനും കൂടുതല്‍ ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, കാരണം പൊലീസ് ഇതിനകം തന്നെ ശരിയായ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി.’- സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു. സെയ്ഫ് അലി ഖാനും കരീന കപൂറും മക്കളും പുതുവത്സര അവധിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുംബൈയില്‍ മടങ്ങിയെത്തിയത്.