മാഹി : പുതുച്ചേരി കണ്ണൂർ വ്യോമഗതാഗതം സാധ്യമാക്കുന്നതിനുള്ള യോഗം ടൂറിസം വകുപ്പ് മന്ത്രി കെ. ലക്ഷ്മിനാരായണന്റെ സാനിധ്യത്തിൽ പുതുച്ചേരിയിൽ നടക്കുകയുണ്ടായി. മാഹി എം. എൽ. എ. രമേഷ് പറമ്പത്ത് യോഗത്തിൽ സർവീസിന്റെ ആവശ്യകതയെ കുറച്ചു വിശദീകരിച്ചു. വിമാന സർവീസ് ആരംഭിക്കുന്നതിനാവശ്യമായ വിവിധ കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
കേന്ദ്ര വ്യോമയാന വകുപ്പുമായി കൂടിയാലോചിച്ച് പുതുച്ചേരി- കണ്ണൂർ, പുതുച്ചേരി – തിരുപ്പതി- ഗോവ എന്നീ സർവീസുകൾ നടത്തുന്നത് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
പുതുച്ചേരി ടൂറിസം വകുപ്പുമായി സഹകരിച്ചു ഇൻഡിഗോ എയർ സർവീസിന്റെ പുതിയ മറ്റു വിമാന സർവീസുകൾ സംയോജിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
ഇൻഡിഗോ എയർ ലൈൻസ് പുതുച്ചേരി കണ്ണൂർ സർവീസുമായി ബന്ധപ്പെട്ട് സാധ്യതതാ പഠന റിപ്പോർട്ട് ലഭിച്ച ഉടനെ കേന്ദ്ര വ്യോമയാന വകുപ്പിനെ സമീപിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഇൻഡിഗോ എയർ സർവീസസ് സീനിയർ പ്രസിഡൻ്റ് രജത് കുമാർ. കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ, സീനിയർ മാനേജർ അജയ്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ, പുതുച്ചേരി എയർപോർട്ട് സീനിയർ മാനേജർ രാജേഷ് ചോപ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.