Latest News From Kannur

‘രാജ്യത്ത് HMPV സ്ഥിരീകരിച്ചെന്നുകരുതി പരിഭ്രാന്തരാകേണ്ടതില്ല, ജലദോഷത്തെ നേരിടുന്ന മുൻകരുതൽ മതി’

0

ന്യൂഡൽഹി: ചൈനയിൽ പടരുന്ന എച്ച്.എം.പി.വി.(Human metapneumovirus) രാജ്യത്ത് സ്ഥിരീകരിച്ചെന്നു കരുതി പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യസംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ. കഴിഞ്ഞദിവസം ബെംഗളൂരുവിലും ചെന്നൈയിലും രോഗം സ്ഥിരീകരിച്ച വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥൻ.

എച്ച്.എം.പി.വി. ശ്വാസകോശാണുബാധയ്ക്ക് കാരണമാകുന്ന പരിചിതമായ വൈറസാണെന്നും പൊതുവേ തീവ്രമാകാറില്ലെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഡോ. സൗമ്യ സ്വാമിനാഥൻ കുറിച്ചു. ജലദോഷത്തിന് പൊതുവേ സ്വീകരിക്കാറുള്ള, മാസ്ക‌് ധരിക്കുക, കൈകൾ കഴുകുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക, ലക്ഷണങ്ങൾ ഗുരുതരമായാൽ ചികിത്സ തേടുക തുടങ്ങിയ സാധാരണ മുൻകരുതലുകൾ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോ.സൗമ്യ കുറിച്ചു.

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളോടെയുള്ള എച്ച്.എം.പി.വി. എന്ന ശ്വാസകോശ രോഗം കുട്ടികൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങളിൽ സങ്കീർണമായേക്കാം. ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും ജാഗ്രത പുലർത്തണം. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്‌കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ചിലഘട്ടങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയോ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയോ ചെയ്യാം.  മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് പൊതുവേ ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. ചൈനയിലെ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

എന്താണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ൽ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തിൽപ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കിൽ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. എന്നാൽ അസുഖം മൂർച്ഛിച്ചാൽ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദർഭങ്ങളിൽ, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

പടരുന്നതെങ്ങനെ, ചികിത്സ എന്ത്?

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പ‌ർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവർ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്‌പർശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകർച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പ‌ർശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്.എം.പി.വിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.

കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കെകൾ ഇടയ്ക്കിടെ കഴുകുക, കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ. നിലവിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്‌ധർ പറയുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കുക മാത്രമാണ് ചെയ്യാൻ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാം. ഗുരുതര കേസുകളിൽ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.

Leave A Reply

Your email address will not be published.