ന്യൂമാഹി: കലാക്ഷേത്രത്തെപ്പൊലെ, ഗുരുകുലം പൊലെ ഒരു സ്കൂൾ. ശാന്തവും പ്രകൃതി രമണീയവുമായ ഒരു പുഴയോരത്ത് പാട്ടും നൃത്തവ്യം സംഗീതവും ചിത്രമെഴുത്തുമൊക്കെ പഠിപ്പിക്കുന്ന ഒരു സ്ഥാപനം. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ മുൻഗണന നൽകുന്ന ഒരു ഗുരുകുലം അതായിരുന്നു 40 വർഷം മുമ്പുള്ള എ.പി. കുഞ്ഞിക്കണ്ണൻ്റെ സ്വപ്നമെന്ന് കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ കലാഗ്രാമത്തിൻ്റെ 31-ാം വാർഷികാഘോഷ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കഥാകൃത്ത്. 30 വർഷം മുമ്പ് എ.പി. കുഞ്ഞിക്കണ്ണൻ തൻ്റെ സ്വപ്നം മയ്യഴിപ്പുഴയോരത്ത് യാഥാർഥ്യമാക്കി. 40 വർഷം മുമ്പ് ഞാൻ എഴുതിയ ഒരു സ്വപ്നം പൊലെ എന്ന കഥയും ഏറ്റവും ഒടുവിൽ എഴുതിയ കഥയും എ.പി.കുഞ്ഞിക്കണ്ണനെക്കുറിച്ചു തന്നെയായിരുന്നു. കഥയിലെ പ്രസക്തഭാഗങ്ങൾ കഥാകൃത്ത് വായിക്കുകയും ചെയ്തു.
പ്രയാസങ്ങളും ദുരിതവും അനുഭവിക്കുന്നവരെ ചേർത്തു പിടിച്ച മനുഷ്യ സ്നേഹത്തിലൂന്നി ജീവിതത്തിലുടനീളം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സത്യസന്ധനായി ജീവിച്ച മഹദ് വ്യക്തിത്വമായിരുന്നു കലാഗ്രാമം സ്ഥാപകനായ എ.പി. കുഞ്ഞിക്കണ്ണനെന്ന് മുൻ എം.എൽ.എ. എം.സ്വരാജ് പറഞ്ഞു. വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ മനുഷ്യരോട് മാത്രമല്ല സകല ജീവജാലങ്ങളോടും സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് ഹ്യൂമനിസ്റ്റ് എന്നും സ്വരാജ് പറഞ്ഞു. എം.ഗോവിന്ദനെ ഹ്യൂമനിസ്റ്റ് എന്ന് വിശേഷിപ്പിച്ചത് എ.പി.കുഞ്ഞിക്കണ്ണനായിരുന്നു. കലയും സാഹിത്യവും സംഗീതവും മനുഷ്യനെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യനിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നതായിരിക്കണം കലയും സാഹിത്യവും. അക്രമവും കൊലപാതകവും ക്രൂരമായ രീതിയിൽ അവതരിപ്പിക്കുന്ന മാധ്യമമായി സിനിമ മാറിയിരിക്കുകയാണെന്നും ഹിംസയെ ന്യായീകരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി ഡോ.എ.പി. ശ്രീധരൻ, നാടൻ കലാ ഗവേഷകൻ കെ.കെ.മാരാർ, വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി എന്നിവർ പ്രസംഗിച്ചു.
ചിത്ര-ശില്പ പ്രദർശനവും കലാഗ്രാമം വിദ്യാർഥികളുടെ സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തനൃത്യങ്ങൾ തുടങ്ങിയ പരിപാടികളും അരങ്ങേറി.
🎉