കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആര്‍. പരിപാടിക്കായി സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് കണ്ടെത്തല്‍. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറിലുണ്ട്.
ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് സ്റ്റേജ് കെട്ടിയവര്‍ക്കും ‘മൃദംഗനാഥം’ പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ ജി.സി.ഡി.എയും (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) അന്വേഷണം പ്രഖ്യാപിച്ചു. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
വി.ഐ.പി ഗ്യാലറിയില്‍ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നല്‍കിയത്. സ്റ്റേജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഫുട്‌ബോള്‍ ടര്‍ഫിനു പരിക്ക് വരാതെ നോക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. ടര്‍ഫിനു പുറത്ത് ആയിരുന്നു പരിപാടി അവതരിപ്പിച്ചതെങ്കിലും സേഫ്റ്റി പ്രോട്ടോകോള്‍ പാലിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിക്കായി നിര്‍മിച്ച സ്റ്റേജിന് സ്റ്റേബിള്‍ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവര്‍ ചെയ്യണമെന്ന് കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ അവര്‍ അത് പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ വീഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും’ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ എം.എല്‍.എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.