Latest News From Kannur

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

0

ന്യൂഡൽഹി: മുൻപ്രധാനമന്ത്രിയും സാമ്പത്തികവിദഗ്‌ധനുമായ മൻമോഹൻ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതൽ തുടർച്ചയായ പത്ത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിങ്ങിന്റെ ജനനം. 1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ‌് ബിരുദം നേടി. ഒക്സ്ഫോഡ് സർവകലാശാലയിലെ നഫിൽഡ് കോളേജിൽനിന്ന് 1962ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി. പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡൽഹി സ്കൂ‌ൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തിൽ കുറച്ചുകാലം യു.എൻ.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇത് 1987-1990 കാലയളവിൽ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറൽ പദവിയിലെത്താനുള്ള വഴിയൊരുക്കി. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്‌ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വർഷം ധനമന്ത്രാലയത്തിൻ്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്‌ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തിൽ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ നംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ പോലും ഡോ.മൻമോഹൻ സിങ്ങിൻ്റെ സ്വാധീനം അനുസ്മരിക്കപ്പെടും. ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ൽ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1995ൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൻ്റെ ജവഹർലാൽ നെഹ്രു ജൻമശതാബ്ദദി അവാർഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാർഡും 1993ൽ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാർഡും 1956ൽ കേംബ്രിജ് സർവകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ൽ കേംബ്രിജിലെ സെന്റ് ജോൺസ് കോളജിന്റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളിൽ പ്രധാനപ്പെട്ടവ.

ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്സ്ഫോഡ്  സർവകലാശാലകൾ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങൾ നൽകി ആദരിച്ചു. പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധിയായി ഡോ. സിങ് പങ്കെടുത്തിട്ടുണ്ട്. 1993ൽ സൈപ്രസിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ യോഗത്തിലും വിയന്നയിൽ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യൻ സംഘത്തെ നയിച്ചു. രാഷ്ട്രീയ ജീവിതത്തിൽ, പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിരുന്ന അദ്ദേഹം ഈ വർഷം ഏപ്രിലിൽ വിരമിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഡോ. സിങ്ങിന്റെ ജീവിതം ആധാരമാക്കി 2010 ൽ ദ ആക്സ‌ിഡൻ്റൽ പ്രൈം മിനിസ്റ്റർ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ഗുർശരൺ കൗറാണ് ഡോ. മൻമോഹൻ സിങ്ങിൻ്റെ പത്നി. മൂന്നുപെൺമക്കളാണുള്ളത്.

Leave A Reply

Your email address will not be published.