ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി; പ്രതിയ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് പൊലീസ്
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റയിലെ വീട്ടിലാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറത്ത് രജിസ്ട്രര്‍ ചെയ്ത കാര്‍ വയനാട്ടിലെ കമ്പളക്കാടുള്ള മകളുടെ വീട്ടിലേക്ക് കൊടുത്തയച്ചതാണെന്നും ഭര്‍ത്താവിന്റെ അനിയന്‍ ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്നും കമ്പളക്കാട് എസ്.എച്ച്.ഒ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്ച്ച്.ഒ. പറഞ്ഞു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഹര്‍ഷിദും സുഹൃത്തുക്കളും കുളിക്കാനായി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് കാറെടുത്ത് പോയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഹര്‍ഷിദിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മറ്റ് പ്രതികളെ തിരിച്ചറിയാനാവുവെന്ന് എസ്.എച്ച്. ഒ പറഞ്ഞു. രാത്രി വാഹനം വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം ഹര്‍ഷിദ് പോയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഹര്‍ഷിദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.