Latest News From Kannur

സ്ത്രീധന നിരോധന നിയമം പക പോക്കലിന് ഉപയോഗിക്കുന്നു; കോടതികള്‍ക്കു ജാഗ്രത വേണമെന്ന് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകള്‍ തീര്‍പ്പാക്കുമ്പോള്‍ നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നതില്‍ കോടതികള്‍ക്ക് ജാഗ്രത വേണമെന്ന് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി വിശദമാക്കി.

ബംഗലൂരുവില്‍ 34 കാരന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുല്‍ സുഭാഷ് 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തു. അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമര്‍ശിച്ചു,

വിവാഹമോചനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ കുറ്റകൃത്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്നും കോടതി പറഞ്ഞു. ദാമ്പത്യകലഹത്തില്‍ പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും പ്രതിയാക്കാനുള്ള പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. നിയമ വ്യവസ്ഥകളും നിയമനടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കോടതികള്‍ ജാഗ്രത കാണിക്കണം. നിരപരാധികളായ കുടുംബങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

Leave A Reply

Your email address will not be published.