ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോകുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്.ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു.അപകടത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനിൽ ഇടിച്ചത് കാരണവുമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. യാത്രക്കാർക്ക് പകരം ട്രെയിൻ ഒരുക്കിയെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.