കണ്ണൂർ: പി.ഭാസ്കരൻ ജന്മശതാബ്ദി പ്രതിമാസ പ്രഭാഷണ പരമ്പര – കണ്ണീരും സ്വപ്നങ്ങളും – ജൂൺ 3 ന് തിങ്കളാഴ്ച വൈകിട്ട് 3.30 ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. മലയാളിയും മലയാൺമയും ഒരിക്കലും മറക്കാത്ത പി.ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കണ്ണൂർ ആകാശവാണി നിലയവും ജവഹർലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി & റിസർച്ച് സെന്ററും ചേർന്നാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. കവിത , ഗാനരചന , സിനിമ , പ്രക്ഷേപണം , പത്രപ്രവർത്തനം തുടങ്ങി വിവിധ ആവിഷ്കാരതലങ്ങളിൽ വിന്യസിക്കപ്പെടുന്ന ഒരു വർഷം നീളുന്ന പ്രഭാഷണ പരമ്പരയിൽ ആദ്യത്തേതാണ് ജൂൺ 3 ന് നടക്കുന്നത്. ജവഹർ ലൈബ്രറി & റിസർച്ച് സെന്റർ വർക്കിങ്ങ് ചെയർമാൻ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആകാശവാണി മുൻ സ്റ്റേഷൻ ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ആമുഖ ഭാഷണം നടത്തും. ഗായകനും എഴുത്തുകാരനുമായ വി.ടി.മുരളി പ്രഭാഷണം നടത്തും. ജവഹർ ലൈബ്രറി സെക്രട്ടറി എം. രത്നകുമാർ സ്വാഗതവും ആകാശവാണി അസിസ്റ്റന്റ് ഡയരക്ടർ ടി.കെ. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും.