ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയോജക മണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി പ്രഖ്യാപിച്ചിരുന്നു. ലിറ്റിൽ വൺണ്ടേർസ് ഇന്റർനാഷണൽ പ്രീ സ്കൂൾ, നടുവട്ടം , ബേപ്പൂർ ,സ്കൂളിലാണ് ഹരിത ബൂത്തായതിന്റെ ഭാഗമായി ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ആദ്യം വരുന്ന 100 വോട്ടർമാർക്കാണ് പച്ചക്കറി വിത്ത് നൽകിയത്. 1402 വോട്ടർമാരാണ് ആകെ ഈ പോളിംഗ് സ്റ്റേഷനിൽ ഉള്ളത്, 720 സ്ത്രീകളും 682 പുരുഷന്മാരുമാണ് ഉള്ളത്. പോളിംഗ് ബൂത്ത് പരിസരത്ത് തണ്ണീർപ്പന്തൽ ഏർപ്പാടാക്കി കുടിവെള്ള സൗകര്യം ഏർപ്പെടുത്തുകയും, കുരുത്തോല കൊണ്ട് തോരണങ്ങൾ കെട്ടി ബൂത്ത് ആകർഷണീയമാക്കുകയും ചെയ്തതിന് പുറമെയാണ് പച്ചക്കറി വിത്ത് നൽകിയത്. വില്ലേജ് ഓഫീസർ, സെക്ടറൽ ഓഫീസർ, ഹരിതകർമ്മ സേന അംഗങ്ങൾ ,ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ അധികാരി, എന്നിവരുടെ സഹായത്തോടെയാണ് ഹരിത ബൂത്ത് ഒരുക്കിയത്.