രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ വസ്തു നികുതി പരിഷ്കരണം, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാതല സ്ക്വാഡ്, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു
രാമനാട്ടുകര :രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാതലത്തിൽ രൂപീകരിച്ച സ്ക്വാഡ്, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. നിയമകുരുക്കിൽ പെട്ട് വസ്തു നികുതി പരിഷ്കരണം, രാമനാട്ടുകര പഞ്ചായത്തായിരുന്നപ്പോഴും 2015 ന് ശേഷം മുനിസിപ്പാലിറ്റി ആയതിനുശേഷം പാതി വഴിയിൽ ആയതിനെ തുടർന്നാണ് ജില്ല തലത്തിൽ ഇടപെടൽ നടത്തിയത്. വസ്തു നികുതി വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ്, വസ്തു നികുതി പരിഷ്കരണത്തിൽ കാലതാമസം വന്നുചേർന്നത് .നഗരസഭകളിൽ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന കെ- സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനതിലൂടെ ജനങ്ങൾക്ക് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കൃത്യമായി ലഭിക്കണമെങ്കിൽ വസ്തു നികുതി പരിഷ്കരണം നടത്തേണ്ടതായിട്ടുണ്ട്. നിലവിൽ 18000 കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഇതിനായി ശേഖരിക്കേണ്ടത് ,എഴുപതോളം എന്യൂമറേറ്റർ മാരെ ഇതിനായി നഗരസഭ നിയോഗിച്ചിട്ടുണ്ട്, ഇവർ ഫോറം രണ്ടിൽ ശേഖരിക്കുന്ന വിവരങ്ങൾ നഗരസഭയിലെ ഉദ്യോഗസ്ഥർ നിലവിലുള്ള റിക്കാർഡുകൾ പരിശോധിച്ച ഫോറം ആറിൽ രേഖപ്പെടുത്തലുകൾ നടത്തി കെ – സ്മാർട്ടിലെ എൽ. ഡി എം എസ് സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതാണ്. ഫെബ്രുവരി മാസത്തിനുള്ളിൽ തന്നെ വിവര ശേഖരണം പൂർത്തിയാക്കി അസ്സസ്സ്മെന്റ് രജിസ്റ്റർ എഴുതി ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുവാൻ ജില്ലാതല സ്ക്വാഡ്, നഗര സഭ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് വിവിധ വാർഡുകളുടെ ഉത്തരവാദിത്വം വസ്തു നികുതി പരിഷ്കരണം സംബന്ധിച്ച് നൽകി സെക്രട്ടറി ഉത്തരവിറക്കി .വസ്തു നികുതി പരിഷ്കരണത്തിൽ സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവരുടെ പിന്തുണയും സഹായവും ഉറപ്പുവരുത്തുവാൻ ഇടപെടൽ നടത്തണമെന്ന് സ്‌ക്വാഡ് അംഗങ്ങൾ മുൻസിപ്പൽ ചെയർപേർസണനെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു, ഇതിനായി കൗൺസിലർമാരുടെ യോഗം ഉടൻ ചേരുമെന്ന് ചെയർപേഴ്സൺ അറിയിച്ചു .യോഗത്തിൽ ജില്ലാതല സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഡയറക്ടർ, ജോർജ് ജോസഫ്, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, കെ സ്മാർട്ട് ജില്ലാ നോഡൽ ഓഫീസർ നജീല ഉബൈദുള്ള,ജൂനിയർസൂപ്രണ്ട് പിസി മുജീബ്, സീനിയർ ക്ലർക്ക് സംജിത് കുമാർ, ഐ കെ എം ടെക്നിക്കൽ അസിസ്റ്റന്റ് വി അസീബ ,നഗരസഭാ സെക്രട്ടറി പി ശ്രീജിത്ത്, സുപ്രണ്ട് പി ചന്ദ്രലേഖ, സ്റ്റാഫ് സി എച് മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു