പാനൂർ: അയ്യപ്പക്ഷേത്ര പരിസരത്ത് തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു .അയ്യപ്പക്ഷേത്രത്തിലെ ജീവനക്കാരി വള്ളങ്ങാട്ടെ വെളോത്ത് ശാന്ത (70), ലക്ഷംവീട്ടിലെ മജീദ് (43), ന്യൂക്ലിയസ് ഹോസ്പിറ്റലിലെ സുരക്ഷ ജീവനക്കാരൻ മധു (55) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .മൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട് . പാനൂർ നഗരത്തിലും, പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനോടകം കുട്ടികൾ അടക്കം നിരവധി ആളുകൾക്ക് തെരുവ് നായയുടെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പാനൂരിൽ തെരുവ് നായ ശല്യത്തിനെതിരെ മനുഷ്യസ്നേഹി കൂട്ടായ്മ എന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്.