മാഹി: നമുക്ക് വേണ്ടി രാവും പകലും കണ്ണിമവെട്ടാതെ കാവലാളായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന് വർണ്ണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആശ്രയയിലെ ചിത്രകാരികൾ ആദരം അർപ്പിക്കുന്നു. മാഹി പന്തക്കൽ ആശ്രയ വിമൻസ് വെൽഫെയർ കോ-ഓപ്പപറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കലാഗേഹമാണ് റിപ്ബ്ലിക് ദിനത്തിൽ സൈന്യത്തിന് ആദരവ് നല്കുന്നത്.
കോഴിക്കോട്ടെ 122 മദ്രാസ് റെജിമെൻ്റ് ബറ്റാലിയനിലെ നൂറ് ജവാന്മാർക്ക് നൂറ് ചിത്രകാരികളായ അമ്മമാർ അവർ വരച്ച ചിത്രങ്ങൾ നല്കിയാണ് 26 ന് വർണ്ണ വന്ദനം നടത്തുന്നത്. വർണ്ണ വന്ദനത്തിലൂടെ എൻ്റെ സേനയെ ഞാൻ ആദരിക്കുന്നു എന്ന പരിപാടിയിലേക്ക് ചിത്രങ്ങൾ ഒരുക്കാൻ പന്തക്കലിലെ കലാഗേഹത്തിൽ ചിത്രകാരികളുടെ ചിത്രകലാ ക്യാമ്പ് തുടങ്ങി. 45 ചിത്രകാരികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് നടക്കുന്ന ക്യാമ്പുകളിൽ കൂടുതൽ ചിത്രകാരികൾ പങ്കെടുക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള ചിത്രകാരികൾ 7025412165, 9744125239 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ചിത്രകലാ ക്യാമ്പ് മുൻ എം.എൽ.എ. ഡോ.വി. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാഹി നഗരസഭാ മുൻ കമ്മീഷണർ മുഖ്യാതിഥിയായിരുന്നു. ക്യാമ്പ് ഡയറക്ടറും സൊസൈറ്റി പ്രസിഡൻ്റുമായ കെ.ഇ.സുലോചന അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭൻ, കനക ആലക്കൽ, സി.ടി.കെ.സാഗിനി എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഷെർളി, കണ്ണൂർ കോർഡിനേറ്റർ ബിന്ദു നമ്പ്യാർ, കോഴിക്കോട് കോർഡിനേറ്റർ പ്രീത പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.