Latest News From Kannur

‘ആത്മാഭിമാനമുണ്ടെന്ന് മനസ്സിലാക്കണം…’; വിദ്യാര്‍ത്ഥികള്‍ അധിക്ഷേപിച്ച അധ്യാപകന്‍ പറയുന്നു

0

കൊച്ചി: തന്റെ അധ്യാപക ജീവിതത്തില്‍ അപമാനിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്ന് മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച കാഴ്ചാപരിമിതിയുള്ള അധ്യാപകന്‍ പ്രിയേഷ് സി യു. കുടുംബവും സുഹൃത്തുക്കളുമുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ ഈ സംഭവം വളരെയേറെ വിഷമമുണ്ടാക്കി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദ, ബിരുദാനന്തര പരീക്ഷയില്‍ റാങ്ക് നേടിയയാളാണ്. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ഇതൊക്കെ നേടുന്നതിനിടിയിലും ചൂഷണം ചെയ്യപ്പെടുമ്പോള്‍ വേദനിക്കും. അതാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ കാരണം.- അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായി അപമാനിച്ചതാകണമെന്നില്ല. അവര്‍ കാഴ്ച പരിമിതരുടെ ഭാഗത്തുനിന്ന് ആലോചിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കപ്പെടുന്നത് ഇത് ആദ്യത്തെ അനുഭവമാണ്. സംഭവം ഓര്‍ഗനൈസ്ഡാണെന്ന് പറയാനുള്ള തെളിവ് തന്റെ പക്കലില്ല. അധ്യാപകര്‍ വീഡിയോ ചെക്ക് ചെയ്ത് പേരെഴുതിക്കൊടുക്കുമ്പോഴാണ് ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്.

പരാതി ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നല്‍കിയത്. പരാതി കോളജിനുള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താന്‍ വേണ്ടിയാണ്. അല്ലാതെ ശത്രുത തീര്‍ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച പരിമിതിയുള്ള മറ്റ് അധ്യാപകര്‍ക്ക് ഈ അനുഭവമുണ്ടാകരുത്. ഇനി വിദ്യാര്‍ത്ഥികള്‍ ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെറ്റുതിരുത്തി അവരെ കോളജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അധ്യാപകന്‍ പറഞ്ഞു.കഴിഞ്ഞദിവസമാണ്, മൂന്നാം വര്‍ഷ പൊളിറ്റക്കല്‍ സയന്‍സ് ക്ലാസില്‍ കാഴ്ചാപരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ അവഹേളിച്ച് റീല്‍സ് ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറു വിദ്യാര്‍ത്ഥികളെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.