Latest News From Kannur

വീട്ടില്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുണ്ടോ? അവര്‍ എന്തൊക്കെയാണ് കഴിക്കുന്നത്? ഇതാ ചില ഡയറ്റ് ടിപ്‌സ്.

0

ചെറുപ്പത്തില്‍ ശീലിക്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണശീലം പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടവും ഇതുതന്നെയാണ്. സ്‌കൂള്‍ പ്രായമൊക്കെ ആകുമ്പോഴേക്കും ഭക്ഷണകാര്യങ്ങളില്‍ കുട്ടികള്‍ക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങള്‍ രൂപപ്പെടും. ഇത് ആരോഗ്യകരമായവയാണെന്ന് ഉറപ്പാക്കുകയാണ് രക്ഷിതാക്കളുടെ ദൗത്യം. പരസ്യങ്ങളിലും മറ്റും കാണുന്ന കൊതിപ്പിക്കുന്ന ഭക്ഷണവിഭവങ്ങളിലേക്കായിരിക്കും കുട്ടികള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ ശരീരത്തിന് എന്താണ് ആവശ്യമെന്നും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ഗുണവുമൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കണം. അങ്ങനെ നല്ലൊരു ആഹാരരീതി ചിട്ടപ്പെടുത്തിയെടുക്കാന്‍ അവരെ സഹായിക്കാം.

പ്രഭാതഭക്ഷണം കഴിപ്പിക്കാം – ഒരു ദിവസത്തേക്ക് വേണ്ട എല്ലാ അവശ്യപോഷകങ്ങളും നല്‍കാന്‍ കഴിയുന്നതാണ് പ്രഭാതഭക്ഷണം. ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെ നിറഞ്ഞ ബ്രേക്ക്ഫാസ്റ്റ് കുട്ടികളുടെ ശീലമാക്കിയെടുക്കണം. ദിവസവും വ്യത്യസ്തത കൊണ്ടുവരാന്‍ സീസണല്‍ ആയിട്ടുള്ള പഴങ്ങളും പച്ചക്കറികളുമൊക്കെ തെരഞ്ഞെടുക്കാം.

ഉച്ചഭക്ഷണം പോഷകസമൃദ്ധം – ലഞ്ച്‌ബോക്‌സ് പാക്ക് ചെയ്യുമ്പോള്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ചിക്കന്‍, മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ചേര്‍ന്ന ലഞ്ച് തയ്യാറാക്കാന്‍ ശ്രദ്ധിക്കണം.

വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍ – കഴിവതും ഭക്ഷണമെല്ലാം വീട്ടില്‍ തന്നെ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. വൃത്തിയും ഗുണമേന്മയും ഉറപ്പാക്കാന്‍ ഇത് പ്രധാനമാണ്. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ പാക്കറ്റില്‍ കിട്ടുന്ന പലഹാരങ്ങളും ചെറുകടികളുമൊക്കെ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കും. ഇതൊഴിവാക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള പലഹാരങ്ങള്‍ വീട്ടില്‍ തയ്യാറാക്കുന്നത് സഹായിക്കും.

വെള്ളം കുടിപ്പിക്കാം – സോഡയും അമിതമായി പഞ്ചസാര അടങ്ങിയ ജ്യൂസുമൊക്കെ കൊടുക്കുന്നതിന് പകരം വീട്ടില്‍ തയ്യാറാക്കുന്ന ഫ്രഷ് ജ്യൂസ് ശീലിപ്പിക്കാം. ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും വേണം. എന്നും 1-2 ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.

എന്തുണ്ടാക്കണം? – എന്ത് വിഭവം തയ്യാറാക്കണമെന്ന ചര്‍ച്ചയില്‍ കുട്ടികളെയും ഉള്‍പ്പെടുത്തുന്നത് ഈ വിഭവത്തിനായി ആകാംഷയോടെ കാത്തിരിക്കാന്‍ അവരെ പ്രേരിപ്പിക്കും. ഇത് സമീകൃതാഹാരം കഴിക്കേണ്ടതിന്റെ ആവശ്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും ഒരു നല്ല അവസരമായിരിക്കും. അവര്‍ക്കെന്താണ് ഇഷ്ടമെന്ന് തിരിച്ചറിയാനും ഇതുവഴി സാധിക്കും. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

ആവശ്യത്തിന് ഭക്ഷണം – കുട്ടികള്‍ എന്തെല്ലാം കഴിക്കുന്നുണ്ടെന്ന് മാത്രമല്ല ഏതളവില്‍ കഴിക്കുന്നുണ്ടെന്ന് കൂടി ശ്രദ്ധിക്കണം. ഒന്നും അമിതമായ അളവില്‍ കഴിക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരിയായ ഭക്ഷണം കൃത്യമായ അളവില്‍ കഴിക്കാനാണ് ശീലിപ്പിക്കേണ്ടത്.

Leave A Reply

Your email address will not be published.