കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന ഗ്രോ വാസുവിന് പിന്തുണയുമായി നടന്‍ ജോയ് മാത്യു. തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസുവെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വാസുവേട്ടന്‍ എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണെന്നും കുറിപ്പില്‍ ജോയ് മാത്യു ചോദിച്ചു.
2016ൽ മാവോയിസ്റ്റ് കുക്കു ദേവരാജ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് അനുകൂലികൾ കോഴിക്കോട് മെഡിക്കൽ കോളജിനുമുന്നിൽ സംഘടിപ്പിച്ച ഉപരോധത്തെ തുടർന്നുള്ള കേസിലാണ് ഗ്രോ വാസുവിനെ കോടതി റിമാൻഡ് ചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം എടുത്ത കേസിൽ പിഴ അടയ്‌ക്കാനോ ജാമ്യമെടുക്കാനോ തയ്യാറാവാത്തതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുക്കാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി.