കോട്ടയം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയത് നടൻ വിനായകനെ വിവാദത്തിലാക്കിയിരുന്നു. സിനിമ മേഖലയിൽ നിന്നുൾപ്പടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ വിനായകനെതിരെ കേസ് വേണ്ട എന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോൾ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ. തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്.
ഉമ്മൻ ചാണ്ടി മരിച്ച് അടുത്ത ദിവസമായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെയുള്ള വിനായകന്റെ അധിക്ഷേപം. ഉമ്മൻ ചാണ്ടി ആരാണ്? ഉമ്മൻ ചാണ്ടി ചത്തു, അതിന് എന്തുവേണം എന്നൊക്കെയാണ് താരം ചോദിച്ചത്. ഇത് വിവാദമായതോടെ വിഡിയോ അപ്രത്യക്ഷമായി. പിന്നാലെ താരത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകുകയായിരുന്നു. വിനായകനെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.