തിരുവനന്തപുരം : ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള അനന്തപുരി എഫ്.എം റേഡിയോ സ്റ്റേഷൻ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ശ്രോതാക്കളുടെ ആസ്വാദനത്തിനുള്ള അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ആസ്വാദന താല്പര്യത്തെ കൊല്ലാക്കൊല ചെയ്ത നടപടി തിരുത്തണമെന്നും കാഞ്ചിയോട് ജയൻ ആവശ്യപ്പെട്ടു.
റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അനന്തപുരി എഫ് .എം. റേഡിയോ സ്റ്റേഷൻ അനേകായിരം ശ്രോതാക്കളുടെ ആശ്രയമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ആകാശവാണിയുടെ പ്രധാന നിലയങ്ങൾ മാത്രമായി പ്രവർത്തനം ചുരുക്കാനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.