പാനൂർ : സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടമായി മാനഭംഗം ചെയ്യുകയുമടക്കം , നാടാകെ ലജ്‌ജിക്കേണ്ട തരത്തിൽ ജനജീവിതം ദുസ്സഹമാക്കുന്ന കലാപം നടക്കുന്ന മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കലാപം ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനാദ്ധ്യാപിക പന്തം കൊളുത്തി പ്രതിഷേധിച്ചു. മണിപ്പൂർ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ക്രിയാത്മകമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് സമൂഹമന:സാക്ഷി ഉണർത്താനായാണ് അദ്ധ്യാപികയും നാടകപ്രവർത്തകയുമായ നീന ഒറ്റയാൾ പ്രകടനം നടത്തിയത്.
കലാപത്തിന്റെ ക്രൗര്യം വിളിച്ചോതുന്ന ചിത്രങ്ങൾ വസ്ത്രത്തിൽ ചേർത്ത് വെച്ച് ഒരു കൈയിൽ ജ്വലിക്കുന്ന പന്തമേന്തിയാണ് ഒരു പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപികയായ കെ.വി. നീന തെരുവിൽ പ്രതിഷേധിച്ചത്. പൊയിലൂർ സെൻട്രൽ എൽ പി സ്കൂൾ പ്രധാനാദ്ധ്യാപികയാണ് മണിപ്പൂർ കലാപത്തിന്റെ ക്രൗര്യത്തിനെതിനെരെ ജനമന:സാക്ഷിയുണർത്താനായി ജനമദ്ധ്യത്തിലിറങ്ങിയത്.