തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാന്റീന്‍ വഴി സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഭക്ഷണം നല്‍കുക. ഇതിന് മുന്നോടിയായി കോളജുകളിലെ കാന്റീന്‍ നടത്തിപ്പ് കുടുംബശ്രീകള്‍ക്ക് കൈമാറി.
സൗജന്യ ഉച്ചഭക്ഷണത്തിന് അര്‍ഹരായ കുട്ടികളെ കണ്ടെത്താനായി നാലു മാനദണ്ഡങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്നവരും, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായവര്‍, കടുത്ത രോഗബാധിതരും 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്നവരും എന്നിങ്ങനെയാകും മാനദണ്ഡം.
ഒരു കോളജിന് മാസം അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. സൗജന്യ ഉച്ചഭക്ഷണത്തിന് അര്‍ഹതയില്ലാത്ത മറ്റു വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിന് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കണം. ക്യാമ്പസില്‍ കൃഷി നടത്താനും ഈ ജോലിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 100 രൂപ വീതം പ്രതിഫലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.