Latest News From Kannur

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. കേസില്‍ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിക്കും.

 

അതേസമയം കേസില്‍ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒമ്പതു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിജയ് ബാബുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ ഒമ്പതു മണിക്കൂറോളം വിജയ് ബാബുവിനെ ചോദ്യം ചെയതിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് വിജയ് ബാബു പറയുന്നു. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു വിദേശത്തു നിന്നും തിരികെ കൊച്ചിയിലെത്തിയത്.  വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുണ്ടെന്നും ഇവരെ   കണ്ടെത്തുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.