Latest News From Kannur

കല്‍പ്പത്തൂരില്‍ മകന്റെ മര്‍ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു

0

പേരാമ്പ്ര: കല്‍പ്പത്തൂരില്‍ മകന്റെ മര്‍ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ് മരിച്ചത്. മേയ് ഒന്നിന് വൈകീട്ട് ഏഴോടെയാണ് അക്രമമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മരിച്ചു.

അക്രമംനടന്ന ദിവസംതന്നെ ഏക മകന്‍ പി.ടി. രാജീവനെ (49) പേരാമ്പ്ര പോലീസ് വധശ്രമത്തിന് അറസ്റ്റുചെയ്തിരുന്നു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാജീവന്‍ കൊയിലാണ്ടി സബ് ജയിലിലാണിപ്പോള്‍. അമ്മ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വീടിന്റെ മുന്‍വശത്തെ വരാന്തയില്‍വെച്ച് ക്രൂരമായ രീതിയിലുള്ള മര്‍ദനമാണ് അമ്മയ്ക്കുനേരെയുണ്ടായതെന്ന് പോലീസ് പറഞ്ഞു. തല ചുമരിലിടിക്കുകയും പലതവണ ചവിട്ടിവീഴ്ത്തുകയും ചെയ്തു. വീടിന്റെ പ്രവേശനഭാഗത്തെ പടിയിലെ ഗ്രാനൈറ്റില്‍ തലയിടിച്ച് തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളെ രാജീവന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി അടുത്തേക്കുവരുന്നത് തടയുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പിന്നീട് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സംഭവംനടന്ന ദിവസം രാജീവനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.