സുനിഷയുടെ മരണത്തിൽ പരാതിയുമായി വിജീഷിന്റ ബന്ധുക്കളും; ശബ്ദ സന്ദേശത്തിൽ ദുരൂഹത
കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി ഭർത്താവ് വിജീഷിന്റെ ബന്ധുക്കൾ. സുനിഷയുടെ ശബ്ദസന്ദേശം ഭർതൃ വീട്ടുകാരെ കുടുക്കാൻ വേണ്ടി കരുതിക്കൂട്ടി അയച്ചതാണെന്നും സാധാരണ ഒരു വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ മാത്രമാണിതെന്നും ഇതേകുറിച്ച് വിദഗ്ധമായി അന്വേഷിക്കണമെന്നും പരാതി നൽകാനെത്തിയ വിജീഷിന്റെ അമ്മാവൻ പറഞ്ഞു.
കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനെത്തിയതായിരുന്നു വിജിഷിന്റെ ബന്ധുക്കൾ അവർ സുനിഷയെ കുറിച്ചും സുനിഷയുടെ ബന്ധുക്കളെ കുറിച്ചും നിരവധി ആരോപനങ്ങൾ ഉന്നയിച്ചു. സുനിഷ ആത്മഹത്യ പ്രവണത കൂടുതലുള്ള കുട്ടിയാണ്. സുനിഷയെ അവസാന നിമിഷം വരെ സ്വീകരിക്കാൻ അവരുടെ ബന്ധുക്കൾ തയ്യാറായിരുന്നില്ല. പോലിസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴും അവർ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. നേരത്തെയും നിരവധി തവണ ആത്മഹത്യ ചെയ്യാൻ സുനിഷ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ വിജീഷ് അടുത്തുണ്ടായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ബിരുദം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ നിരവധി തവണയാണ് സുനിഷ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. അപ്പോഴൊക്കെ അവർ എതിർക്കുന്ന സമീപനമായിരുന്നുവെന്നും ബാബു പറഞ്ഞു.
സുനിഷയുടെയും വിജീഷിന്റെയും പ്രണയവിവാഹമായിരുന്നു. അതിന്റെ അസ്വാരസ്യങ്ങൾ സുനിഷയുടെ ബന്ധുക്കൾക്കുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ക്ഷോഭിക്കുകയും, പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന പ്രകൃതകാരിയായിരുന്നു സുനിഷ. സാമ്പത്തിക പരമായി പിന്നോക്കമായി നിൽക്കുന്ന കുടുംബമാണ് സുനിഷയുടേത്. അതിനാൽ മകൾ പഠിച്ച് മികച്ച ജോലി വാങ്ങി കുടുംബത്തെ സംരക്ഷിക്കുംമെന്ന് സുനിഷയുടെ വീട്ടുകാർ കരുതിയിരുന്നു. അതിനാൽ സുനിഷയും വിജീഷും തമ്മിലുള്ള വിവാഹത്തിന് സുനിഷയുടെ വീട്ടുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സുനിഷയുടെ വീട്ടുകാരുടെ സഹകരണമില്ലാതെ ഇരുവരും കുന്നരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയായിരുന്നു.
വിവാഹത്തിനു ശേഷം സുനിഷ വിജീഷിന്റെ വീട്ടുകാരുമായി അകാരണമായി പ്രശ്നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്ത ദിവസത്തിലും വളരെ സന്തോഷവതിയായിട്ടായിരുന്നു സുനിഷ വീട്ടിൽ പെരുമാറിയിരുന്നത്. സുനിഷയുടെ ആത്മഹത്യക്ക് കാരണം വീട്ടുകാർ സർട്ടിഫിക്കറ്റ് വിട്ട് നൽകാതെ പിടിച്ചുവെച്ചത് കൊണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ജൂൺ ഒന്നിന് സുനിഷയുടെ അമ്മാവൻ മരിച്ചതറിഞ്ഞ് കാണാൻ പോയപ്പോൾ തങ്ങളെ ആക്ഷേപിച്ച് ഇറക്കിവിട്ടെന്നും അവളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ സുനിഷയുടെ വീട്ടുകാർ ഇപ്പോൾ തികച്ചും കളവായ കാര്യങ്ങൾ പറഞ്ഞ് തനിക്കും വീട്ടുകാർക്കുമെതിരെ പ്രചരിപ്പിക്കുകയാണെന്നും തനിക്കും കുടുംബത്തിനുമെതിരെ വരുന്ന ആരോപണങ്ങളുടെ സത്യം വെളിച്ചത്തിലേക്ക് കൊണ്ടു വരണമെന്നും വിജീഷ് ജില്ലാ പൊലീസ് മേധാവിയുടെ മുമ്ബാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു. അതേസമയം സുനിഷ പയോഗിച്ചിരുന്ന ഫോൺ വിദഗ്ധ പരിശോധനയ്ക്കായി സൈബർ സെൽ ഏറ്റുവാങ്ങി. ശബ്ദ സന്ദേശങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി കോടതിയുടെ അനുമതിയോടെയാണ് ഫോൺ ഏറ്റെടുത്തത്. ഇതിനു പുറമേ മരണവുമായി ബന്ധപ്പെട്ട് സുനിഷ ബന്ധുക്കൾ കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകി.