‘സൈലന്റ് ഹണ്ടര്‍’; തദ്ദേശീയമായി നിര്‍മിച്ച അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ നീറ്റിലിറക്കി, അറിയാം ഐഎന്‍എസ് മാഹിയുടെ പ്രത്യേകതകള്‍-
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലായ ഐഎന്‍എസ് മാഹി നാവികസേന നീറ്റിലിറക്കി. മുംബൈയിലെ നേവല്‍ ബേസിലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിക്ക് കീഴില്‍ പ്രതിരോധത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലാണിത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ആണ് ഐഎന്‍എസ് മാഹി നിര്‍മ്മിച്ചത്. ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത എട്ട് മാഹി-ക്ലാസ് അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലുകളില്‍(എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) ആദ്യത്തേതാണിത്.
ഐഎന്‍എസ് മാഹി ഒതുക്കമുള്ളതും എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ്. ഏകദേശം 78 മീറ്റര്‍ നീളവും ഏകദേശം 1,100 ടണ്‍ ഭാരവുമുണ്ട്. ഡീസല്‍ എന്‍ജിന്‍, വാട്ടര്‍-ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം എന്നിവയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേഷനുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
കപ്പലിന് ഏകദേശം 25 നോട്ട് വേഗതയുണ്ട്. 14 നോട്ട് വേഗത്തില്‍ ഏകദേശം 1,800 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. വെള്ളത്തിനടിയിലുള്ള ഭീഷണികളെ നേരിടുന്നതിനായി, ഐഎന്‍എസ് മാഹിയില്‍ ഹള്‍-മൗണ്ടഡ് സോണാര്‍, വേരിയബിള്‍-ഡെപ്ത് സോണാര്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, മള്‍ട്ടി-ഫങ്ഷണല്‍ ആന്റി-സബ്മറൈന്‍ റോക്കറ്റ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സോണാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. കപ്പലിന് മൈനുകള്‍ സ്ഥാപിക്കാനും വെള്ളത്തിനടിയില്‍ നിരീക്ഷണം നടത്താനും തിരച്ചില്‍-രക്ഷാ ദൗത്യങ്ങള്‍ നടത്താനും കഴിയും.