ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഭൂഷണ്‍ രാമകൃഷ്ണ ഗവായ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ പരമോന്നത കോടതിയുടെ അമരത്തെത്തുന്നത്. ഹരിയാനയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9 വരെ കാലാവധിയുണ്ട്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെട്വാര്‍ ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലാണ് സൂര്യകാന്ത് ജനിച്ചത്. സാധാരണ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ഹിസാര്‍ കോളജില്‍നിന്നു ബിരുദം നേടി. 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദവും സ്വന്തമാക്കി. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ ഹരിയാനയിലെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.
2004-ല്‍ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2011-ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനത്തിലൂടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി. പതിനാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൂര്യകാന്ത് 2018-ല്‍ ഹിമാചല്‍പ്രദേശില്‍ ചീഫ് ജസ്റ്റിസായി നിയമിതനായി. 2019 മെയ് 24നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.