ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ തലശ്ശേരിയെ അടയാളപ്പെടുത്തി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല താഴ്ന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി ലോകസിനിമയുടെ മായാദൃശ്യങ്ങൾ മനസ്സിൽ പതിപ്പിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പ്രഥമ തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം നിറഞ്ഞ സദസ്സിൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിനെ ഇന്നത്തെ കേരളമായി മാറ്റിയെടുക്കാൻ സാധിച്ചതിൽ ചലച്ചിത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനെ ശക്തിയോടെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർക്കുള്ള സംഘാടക സമിതിയുടെ സ്നേഹോപഹാരവും സ്പീക്കർ നൽകി.
തലശ്ശേരിയുടെ അഭിമാനമായ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ 12-ാം ചരമവാർഷികദിനത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട് സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം ലോകത്ത് നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച 55 ദൃശ്യവിസ്‌മയങ്ങൾ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ മറ്റൊരു ലോകം തന്നെ തീർക്കുകയായിരുന്നു. മേളയുടെ ഭാഗമായി മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർക്ക് ആദരമർപ്പിച്ച കാലം; മായാചിത്രങ്ങൾ എന്ന എക്‌സിബിഷൻ സംഘടിപ്പിച്ചു.
ചലച്ചിത്രപ്രവർത്തകർ പങ്കെടുത്ത സംവാദപരിപാടിയായ ഓപ്പൺ ഫോറം, സംഗീതപരിപാടി എന്നിവ മേളയുടെ മാറ്റുകൂട്ടി.
ലിബർട്ടി തിയറ്റർ സമുച്ചയത്തിലെ ലിറ്റിൽ പാരഡൈസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ. എം. ജമുനാറാണി അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി. സനിൽ, എം. കെ. സെയ്‌തു, സി. കെ. രമ്യ, നിർമ്മാതാവ് ലിബർട്ടി ബഷീർ,
പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ബീനിഷ് കോടിയേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. എം. ദിനേശൻ, സംഘാടകസമിതി കൺവീനർമാരായ എസ്. കെ. അർജുൻ, ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.
ഇരുളിൽ വെളിച്ചമായി ലോകം ചലിച്ചു
തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനത്തിൽ അലക്സാണ്ടർ പുഗ്നോയുടെ സംവിധാനത്തിൽ പിറന്ന ‘ഹ്യൂമൻ ആനിമൽ’ ശ്രദ്ധേയമായി. വടക്കൻ ഇറ്റലിയിലെ ചെറിയ ഗ്രാമത്തിൽ ഒരു പ്രൊഫഷണൽ കാളപ്പോരാളിയാകാൻ സ്വപ്നം കാണുന്ന മാറ്റിയോയുഡെയും ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്ത് ആൻഡലൂഷ്യൻ പുൽമേട്ടിൽ വളരുന്ന മത്സര കാളക്കുട്ടിയായ ഫൺഡാൻഗോയുടെയും ജീവിതം പരസ്പരം ഇഴച്ചേർന്നിരിക്കുന്ന കഥ പറയുന്നു ചിത്രം. അടിച്ചമർത്തലുകളിലും വ്യക്തമായ സ്ത്രീത്വത്തിന്റെ ശബ്ദമായ അന്ന, പട്രീഷ്യ, മയേല എന്നീ മൂന്ന് സ്ത്രീകളുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന അന്റോണെല്ല സുദാസസ്സി ഫർണീസ് എഴുതി സംവിധാനം ചെയ്ത ‘മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി’, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള കലഹത്തിന്റെ നേർരൂപത്തെ അവതരിപ്പിച്ച് കലാധരൻ എന്ന സംവിധായകന്റെയും അയാളുടെ കഥാപാത്രങ്ങളുടെയും കഥ പറയുന്ന സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ‘മുഖക്കണ്ണാടി’, ആര്യൻ ചന്ദ്ര പ്രകാശ് സംവിധാനം ചെയ്ത വടക്കേ ബീഹാറിലെ സലോനി എന്ന 10 വയസ്സുകാരിയുടെ കഥ പറയുന്ന ‘ആജൂർ’, വി. കെ. അഫ്രദ് രചനയും സംവിധാനവും നിർവഹിച്ച കമിതാക്കളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന മലയാള ചിത്രം ‘റിപ്ടൈഡ്’, അതിസുന്ദരിയായ ഒരു സ്ത്രീ എത്തിപ്പെടുന്ന കുടുംബത്തിന്റെ ദൗർബല്യങ്ങൾ വരച്ച് കാട്ടുന്ന മരിയാന വൈൻസ്റ്റേയൻ സംവിധാനം ചെയ്ത ‘ലിൻഡ’, വി.സി. അഭിലാഷ് സംവിധാനം ചെയ്ത മലയാള ചിത്രം എ പാൻ ഇന്ത്യൻ സ്റ്റോറി, രണ്ട് ദമ്പതികളുടെ ജീവിതം ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കഥ പറയുന്ന അഭിലാഷ് ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ‘ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’ എന്നിവ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.
ലിൽജ ഇംഗോൾ ഫ്സ്ഡോട്ടിർ സംവിധാനം ചെയ്ത ചിത്രം ‘ലവബിൾ’, 1970കളുടെ തുടക്കത്തിൽ ബ്രസീലിൽ നടക്കുന്ന കഥ വാൾട്ടർ സെയിൽസ് സംവിധാനം ചെയ്ത ‘ഐ ആം സ്റ്റിൽ ഹിയർ’, അരണ്യ സഹായ് സംവിധാനം ചെയ്ത വിവാഹമോചിതയായ ആദിവാസി സ്ത്രീ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ‘ഹ്യൂമൻസ് ഇൻ ദി ലൂപ്’, ഇൻഗ്രിഡ്, മാർത്ത എന്ന രണ്ട് സുഹൃത്തുക്കളുടെ വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിലൂടെ സഞ്ചരിക്കുന്ന പെഡ്രോ അൽമോഡോവർ സംവിധാനം ചെയ്ത ‘ദി റൂം നെക്സ്റ്റ് ഡോർ’, അഭിലാഷ് ശർമ സംവിധാനം നിർവഹിച്ച ‘ഇൻ ദി നെയിം ഓഫ് ഫയർ’, സുഭദ്ര മഹാജൻ സംവിധാനം ചെയ്ത ‘സെക്കന്റ് ചാൻസ്,’ കംമ്പോഡിയയിലെ ഒറ്റപ്പെട്ട പ്രദേശത്ത് സർക്കാർ ക്ഷണത്തിൽ എത്തുന്ന മൂന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ കഥ പറയുന്ന ‘മീറ്റിംഗ് വിത്ത് പോൾപോട്ട്’ എന്നിവയും അവസാനദിവസം പ്രദർശിപ്പിച്ചു.