Latest News From Kannur

തളിപ്പറമ്പിൽ അൻപതോളം കടകൾ കത്തിയതായി പ്രാഥമിക നിഗമം; കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ

0

കണ്ണൂർ :
തളിപ്പറമ്ബിലെ ഷോപ്പിംഗ് കോംപ്ല്ക്സിലുണ്ടായ വൻ തീപിടുത്തത്തില്‍ അമ്ബതോളം കടകള്‍ അഗ്നിക്കിരയായി. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ല കളക്ടർ അരുണ്‍ കെ. വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ അറിയിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർ ഫോഴ്സ് യൂണിറ്റുകള്‍ കണ്ണൂർ കാസർകോട് ജില്ലകളില്‍നിന്നെത്തിയിരുന്നു. തീപിടുത്തത്തിന് കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു. കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും.

വൈകിട്ട് അഞ്ച് മണിയോടെ, നഗരത്തിലെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്ബ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ കെ.വി. കോംപ്ലക്സിലെ മൂന്നു കെട്ടിടങ്ങള്‍ക്കാണു തീപിടിച്ചത്. ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. 60 കടകളും അതിലെ സാധനങ്ങളും ചാമ്ബലായി.

തളിപ്പറമ്ബിലെ അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയർ എൻജിനുകള്‍ എത്തിയെങ്കിലും വെള്ളം തീർന്നതല്ലാതെ തീ തെല്ലും കെടുത്താനായില്ല. ഇതോടെ ജനം കൂടുതല്‍ ഭീതിയിലായി. മറ്റു രണ്ടു കെട്ടിടങ്ങളിലേക്കും തീ പടരുകയും ചെയ്തു. ഇതിനിടെ പൊട്ടിത്തെറി ശബ്ദം കൂടി കേട്ടതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥായായി. എട്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ ഉള്‍പ്പെടെ 12 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഇതില്‍ രണ്ടു കുടിവെള്ള ലോറികളും ഉള്‍പ്പെടും. ഫയർ എൻജിനുകളിലെ വെള്ളം തീർന്നപ്പോള്‍ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ച്‌ നിറച്ചത്.

തളിപ്പറമ്ബിലെ രണ്ട് യൂണിറ്റിനു പുറമെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം ഫയർ യൂണിറ്റുകളും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ യൂണിറ്റുകളും എത്തിയതോടെയാണ് എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാനായത്. ഗ്രൗണ്ട് ഫ്ലോറും മൂന്നു നിലകളുമുള്ള കെട്ടിടമാണ് പൂർണമായും കത്തിത്തീർന്നത്. ചെരുപ്പ്, വസ്ത്രം, കളിപ്പാട്ടം, പലചരക്ക്, സ്റ്റീല്‍ പാത്രങ്ങള്‍, കഫെ ഉള്‍പ്പെടെയുള്ള നിരവധി കടകളാണ് പ്രവർത്തിച്ചിരുന്നത്. കഫെയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരമായതിനാല്‍ ബസ് സ്റ്റാൻഡില്‍ നൂറുകണക്കിനാളുകളാണ് ബസ് കാത്തു നിന്നത്. തീ പിടിച്ചതോടെ ബസുകള്‍ തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തുനിന്നും തിരിച്ചു വിട്ടു.

ബസുകള്‍ സ്റ്റാൻഡില്‍ കയറാതെ വന്നതോടെയും തീയും പുകയും ഉയർന്നതോടെയും യാത്രക്കാർ എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞു. തീപിടിച്ചതോടെ നഗരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. മറ്റു പല വഴിക്കും തിരിച്ചു വിട്ടെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ല. തീപടർന്നതറിഞ്ഞ് സ്ഥലത്തേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പൊലീസിന് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച്‌ അഗ്നിരക്ഷാ സേന, കെഎസ്‌ഇബി തുടങ്ങിയ വകുപ്പുകള്‍ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

 

Leave A Reply

Your email address will not be published.