എറിഞ്ഞ ഷൂ തിരികെ നല്‍കാന്‍ പൊലീസിന് നിര്‍ദേശം, ചീഫ് ജസ്റ്റിസിന് നേരെ അക്രമം നടത്തിയ അഭിഭാഷകനെ വിട്ടയച്ചു
ന്യൂഡല്‍ഹി : സുപ്രീം കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന് ചെരിപ്പുകളും രേഖകളും കൈമാറാനും രജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി പൊലീസിന്റെ സുരക്ഷാ വിഭാഗവും ന്യൂഡല്‍ഹി ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാകേഷ് കിഷോറിന്റെ കൈയില്‍ നിന്ന് ഒരു വെള്ളക്കടലാസിലെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നടക്കമുള്ള കാര്യങ്ങള്‍ ഈ കുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു. നേരത്തെ ഷൂ എറിയുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും ഇയാള്‍ ഇങ്ങനെ വിളിച്ച് പറഞ്ഞിരുന്നു.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ കാര്‍ഡുകളും ഇയാള്‍ കൈവശം വെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ഇയാളെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ, കിഷോര്‍ തന്റെ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍ ഈ ആക്രമണശ്രമത്തില്‍ പതറാതിരുന്ന ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല, ചീഫ് ജസ്റ്റിസ് പറഞ്ഞു.